Connect with us

Editorial

ലംഘിക്കാൻ കുറേ വാഗ്ദാനങ്ങൾ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പുള്ള കുറേ ദിവസങ്ങളിൽ രാജ്യത്ത് വാഗ്ദാനങ്ങളുടെ പെരുമഴയും പദ്ധതി ഉദ്ഘാടനങ്ങളുടെ ബഹളവുമായിരുന്നു. ഫെബ്രുവരി എട്ട് മുതൽ മാർച്ച് ഒമ്പത് വരെയുള്ള ഒരൊറ്റ മാസത്തിനിടെ 157 പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത.് അതിന്റെ തൊട്ടുമുമ്പത്തെ ഒരു മാസത്തിനിടയിൽ പങ്കെടുത്തതിന്റെ മൂന്നിരട്ടി വരും ഈ മാസത്തിൽ അദ്ദേഹം പങ്കെടുത്ത ചടങ്ങുകളുടെ എണ്ണം. ഇതിനായി രാജ്യമൊട്ടാകെ 28 യാത്രകൾ നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് (പി എം ഒ) വെബ്‌സൈറ്റിന്റെയും ഔദ്യോഗിക പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകൾ കാണിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു നാല് ദിവസം മുമ്പ്, മാർച്ച് ആറിന് ചേർന്ന ഈ സർക്കാറിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഒരു ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 33,690 കോടി രൂപ ചെലവ് വരുന്ന മുംബൈ സബർബൻ റെയിൽവേ വികസനം, 25,000 കോടി ചെലവിൽ ഡൽഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്‌സറിൽ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമിൽ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), എയർ സ്ട്രിപ്പുകൾ (4,500 കോടി), എയ്ഡ്‌സ് നിയന്ത്രണം (6,435 കോടി) കരിമ്പു കർഷകർക്കും പഞ്ചസാര മില്ലുകൾക്കും സഹായം (2,790 കോടി) തുടങ്ങിയവയാണ് പദ്ധതികൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാതൃകാ പെരുമാറ്റചട്ടം വരുന്നതിനാൽ ഭരണ നേട്ടങ്ങൾ പെരുപ്പിച്ച് കാണിക്കാനായി അതിനു മുമ്പ് ചടങ്ങുകളെല്ലാം തീർക്കുകയായിരുന്നു മോദിയും സർക്കാറും. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കേന്ദ്ര സർക്കാറിന്റെ ഇടക്കാല ബജറ്റിലും കർഷകർക്ക് 6,000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉൾപ്പെടെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും നടത്തിയിട്ടുണ്ട് പാവപ്പെട്ടവർക്കുള്ള മിനിമം വേതനം, കാർഷിക കടം പൂർണമായി എഴുതിത്തള്ളൽ തുടങ്ങി ആകർഷകമായ പദ്ധതികൾ. നടപ്പാക്കാനാകാത്ത, പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടർമാരെ വഞ്ചിക്കുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയും മോശമല്ല. അധികാരത്തിലേറിയാൽ പറഞ്ഞതെല്ലാം മനഃപൂർവം മറക്കും. 10 കോടി പുതിയ തൊഴിലവസരം, ഓരോ ഭാരതീയന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, 100 പുതിയ സ്മാർട്ട് നഗരങ്ങൾ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ തുടങ്ങി 2014 തിരഞ്ഞെടുപ്പിൽ ബി ജെ പി ഒട്ടേറെ ജനപ്രിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇവയിൽ പലതും ഭാഗികമായി പോലും നടപ്പാക്കിയിട്ടില്ല. യഥാർഥത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വാഗ്ദാനപ്പെരുമഴ അധികാരത്തിലെത്തുകയില്ലെന്ന കണക്കുകൂട്ടലിൽ നിന്നുണ്ടായതാണെന്ന് കേന്ദ്രമന്ത്രിയും സമുന്നത ബി ജെ പി നേതാവുമായ നിതിൻ ഗഡ്കരി തുറന്നു പറഞ്ഞതാണ്. “അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ തീരെയില്ലാത്തതിനാൽ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ പാർട്ടി തീരുമാനിച്ചു. അധികാരം കിട്ടിയില്ലെങ്കിൽ ഇതേക്കുറിച്ച് ആരും ചോദിക്കുകയില്ലല്ലോ. എന്നാൽ അപ്രതീക്ഷിതമായി തങ്ങൾ അധികാരത്തിലേറി. അതോടെ ആളുകൾ വാഗ്ദാനങ്ങളെ പറ്റി ചോദിക്കാൻ തുടങ്ങി. തങ്ങൾ അതു കേട്ടു ചിരിച്ചു മുന്നോട്ടു പോവുകയാണെ”ന്ന് കഴിഞ്ഞ ഒക്‌ടോബറിൽ മറാത്തി ടിവിയുമായുള്ള അഭിമുഖത്തിലാണ് ഗഡ്കരി വെളിപ്പെടുത്തിയത്.

2016ലെ തിരഞ്ഞെടുപ്പിൽ യുവാക്കളെയും സ്ത്രീകളെയും പാട്ടിലാക്കാനായി തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എല്ലാ വീട്ടുകാർക്കും മാസം തോറും 100 യൂനിറ്റ് സൗജന്യ വൈദ്യുതി, സൗജന്യ മൊബൈൽ ഫോണുകൾ, പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്‌ടോപ്പും ഇന്റർനെറ്റ് കണക്ഷനും, വിവാഹത്തിന് വധുവിന് താലിക്കായി എട്ട് ഗ്രാം സ്വർണം, പ്രസവത്തിന് സ്ത്രീകൾക്ക്് 18000 രൂപ ധനസഹായം തുടങ്ങിയ അന്നത്തെ പ്രകടപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ എത്രയെണ്ണം നടപ്പാക്കിയെന്ന് അന്വേഷിച്ചാലറിയാം രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം. പറഞ്ഞതു നടപ്പാക്കണമെങ്കിൽ പൊതുഖജനാവിൽ പണം വേണം. കേന്ദ്ര സർക്കാറും ഒന്നടങ്കം സംസ്ഥാന സർക്കാറുകളും സാമ്പത്തിക ഞെരുക്കത്താൽ ഊർദ്ധശ്വാസം വലിക്കുകയാണ്. റിസർവ് ബേങ്കിൽ നിന്ന് വിത്തെടുത്ത് കുത്തുകയാണ് കേന്ദ്രം ഇപ്പോൾ. അത് ഉപയോഗിച്ചാണ് ഇക്കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്ത “പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി” നടപ്പാക്കാൻ ഒരുങ്ങുന്നത്.

“വാഗ്ദാനപാലനത്തിലാണ് ഒരുവന്റെ വില” എന്നൊരു പഴമൊഴിയുണ്ട്. വ്യക്തിയാകട്ടെ, പാർട്ടിയാകട്ടെ നൽകിയ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയാണ്. അത്തരക്കാരെ ജനങ്ങൾ വിശ്വസിക്കുകയില്ല. എന്നാലും ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ നൽകലും വാഗ്ദാന ലഘനവുമൊക്കെ രാഷ്ട്രീയ രംഗത്ത് പുതുമയല്ല. ജീർണിത രാഷ്ട്രീയത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഇത്. “അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്ന ബർനാഡ് ബാരൂക്കിന്റെ ഒരു മൊഴി ഈ ഘട്ടത്തിൽ പ്രസക്തമാണ് “”ലംഘിക്കപ്പെടാൻ മാത്രമാണ് ഇന്ന് വാഗ്ദാനങ്ങൾ നൽകുന്നതെന്ന് തോന്നുന്നു. അത് വിവാഹ പ്രതിജ്ഞകളോ ബിസിനസ് കരാറുകളോ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാമെന്നുള്ള വാഗ്ദാനമോ ഒക്കെ ആകാം. “വാഗ്ദാനപാലനത്തിലാണ് ഒരുവന്റെ വില” എന്ന പഴമൊഴിയുടെ സൂചിതാർഥം പരക്കെ വിസ്മരിക്കപ്പെടുന്നു. പലരും തങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തിടുക്കം കൂട്ടി വാഗ്ദാനം ചെയ്യുന്നു. പറഞ്ഞത് നിറവേറ്റണമെന്ന ഉദ്ദേശ്യമേ അനേകർക്കുമില്ല. ഏറ്റവും കുറച്ച് വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തിക്ക് വോട്ട് ചെയ്യുക; അദ്ദേഹം നിങ്ങളെ അധികം നിരാശപ്പെടുത്തുകയില്ല””