കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടികൂടിയ മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ബി ജെ പി: രാഹുല്‍

Posted on: March 12, 2019 7:46 pm | Last updated: March 12, 2019 at 10:48 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജയ്ഷ്വ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ മോചിപ്പിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചത് ബി ജെ പി സര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് പിടികൂടിയ ഭീകര ഗ്രൂപ്പ് തലവനെ എന്തിനാണ് വിട്ടയച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാവലാളാക്കി പ്രത്യേക വിമാനത്തിലാണ് മസൂദിനെ പാക്കിസ്ഥാനിലെത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ച് രണ്ടു മണിക്കൂറിനുള്ളിലാണ് സി ബി ഐ ഡയറക്ടറെ മാറ്റിയത്. അഴിമതിക്കെതിരെ പോരാടുന്നതായി പറയുന്ന മോദി 30,000 കോടി രൂപ എന്തുകൊണ്ടാണ് അനില്‍ അംബാനിക്കു നല്‍കിയതെന്ന് ജനങ്ങള്‍ ചോദിക്കണം. ജനങ്ങള്‍ നീതിക്കുവേണ്ടി പോകുന്ന ഇടമാണ് സുപ്രീം കോടതി. എന്നാല്‍, സുപ്രീം കോടതി ജഡ്ജിമാര്‍ ജനങ്ങളുടെ മുന്നിലെത്തി നീതിക്കു വേണ്ടി കൈനീട്ടുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബി ജെ പി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.