താല്‍പര്യം സംസ്ഥാന രാഷ്ട്രീയത്തില്‍; മത്സരിക്കാനില്ല:കെ സുധാകരന്‍

Posted on: March 11, 2019 10:31 am | Last updated: March 11, 2019 at 12:08 pm

കൊച്ചി: കെസി വേണുഗോപാലിന് പിറകെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ പികെ ശ്രീമതിക്കെതിരെ കെ സുധാകരന്‍തന്നെ മത്സരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെ സുധാകരന്‍ അപ്രതീക്ഷിതമായി പിന്‍മാറിയതോടെ മണ്ഡലം പിടിക്കാന്‍ ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് കോണ്‍ഗ്രസ്.

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പികെ ശ്രീമതിയോട് 6566 വോട്ടുകള്‍ക്ക് സുധാകരന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണെന്നും സുധാകരന് മണ്ഡലം പിടിക്കാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടിയിരുന്നു. അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനമാണ് സുധാകരന്‍ ലക്ഷ്യം വെക്കുന്നതെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചേക്കുമെന്ന് സുധാകരന്‍ കണക്ക്കൂട്ടുന്നുണ്ട്. നിലവില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് സുധാകരന്‍. ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ കെസി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. സംഘടനാ ജോലി ഭാരം ചൂണ്ടിക്കാട്ടിയാണ് വേണുഗോപാല്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചത്.