Connect with us

Prathivaram

രാമനുണ്ണി വായിച്ച പ്രവാചകൻ

Published

|

Last Updated

താളുകളുടെ ബാഹുല്യം പോലെ വിശാലമാണ് അതുൾവഹിക്കുന്ന ആശയവും. മുഹമ്മദ് നബിയുടെ മഹിത ജീവിതത്തെ വളരെ സ്‌നേഹവായ്‌പോടെയാണ് കെ പി രാമനുണ്ണി “ദൈവത്തിന്റെ പുസ്തകം” എന്ന നോവലിൽ ചിത്രീകരിച്ചത്. വിഭിന്ന ദേശങ്ങളെയും വിവിധ കാലങ്ങളെയും പ്രവാചക ജീവിതത്തിലേക്ക് പുനരാവിഷ്‌കരിക്കുകയാണദ്ദേഹം. പ്രവാചക സംബന്ധിയായ സർഗാത്മക സൃഷ്ടികൾ പലപ്പോഴും വിവാദങ്ങൾക്ക് കളമൊരുക്കിയിട്ടുണ്ട്. കൂർത്തുമൂർത്ത വിമർശനങ്ങൾക്കേറെ വഴിയൊരുക്കുന്നവയായിട്ട് പോലും ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ രാമനുണ്ണിക്ക് സാധിച്ചു. ചരിത്രാവബോധം മാത്രം മതിയാകില്ല, പ്രവാചക നിയോഗവും ദൗത്യവും കോറിയിടാൻ. ഗതകാല അറേബ്യൻ സാഹചര്യങ്ങളും ചുറ്റുപാടുകളും ആപാദചൂഡം ആവാഹിക്കേണ്ടതുണ്ട്.

ബാല്യകാലത്തിലെ അനാഥത്വവും കാലുഷ്യത്തിനിടയിൽ നിന്നും ആർജിച്ച അൽ അമീൻ (വിശ്വസ്തൻ) എന്ന പദവിയും ഒറ്റപ്പെടലിന്റെ തീവ്രതയും തുടങ്ങി പ്രവാചകജീവിതത്തിലെ നിരവധി തീക്ഷ്ണ സന്ദർഭങ്ങളും സാഹചര്യങ്ങളും ആധിയും വ്യാധിയും പേറുന്ന അശരണർക്കും അവശർക്കും പ്രചോദനമരുളുന്നവയാണ്. അത്തരം പ്രവാചക ജീവിത തലങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ഹൃദ്യമായി വരഞ്ഞിടാൻ രാമനുണ്ണി കാണിച്ച സാഹസികത അഭിനന്ദനാർഹമാണ്. അനാഥനും നിരക്ഷരനും സത്യസന്ധനും സർവസമ്മതനും നിഷ്‌കാമകർമിയുമായ ഒരാളെയാണ് ദൈവം പ്രവാചകത്വത്തിന് തിരഞ്ഞെടുക്കുന്നത്, സാമ്പത്തികാഭിവൃദ്ധിയും രാഷ്ട്രീയ മേൽക്കോയ്മയും അധികാര ഹുങ്കും ഗോത്ര മഹിമയുമുള്ള പ്രമുഖർ അന്നുണ്ടായിരിക്കെ തന്നെ. മനുഷ്യകുലത്തിന് പ്രചോദനവും ആനന്ദവുമാണ് ഈ നിയോഗം. അല്ലാഹു തന്റെ ദൂതനായി തിരഞ്ഞെടുത്തതിൽ തന്നെ ഒരു കാവ്യനീതിയും മാതൃകയും നോവലിസ്റ്റ് ദർശിക്കുന്നുണ്ട്.

നോവലിസ്റ്റ് ഉത്തരമന്വേഷിക്കുന്നത് ചില ചോദ്യങ്ങൾക്കാണ്. ആധുനികയുഗത്തിൽ ചരിത്രപുരുഷനായ പ്രവാചകന് എന്ത് പ്രസക്തിയാണുള്ളത്..? നീതിയും സ്വാതന്ത്ര്യവും ഉൾവഹിച്ച പ്രവാചക സന്ദേശങ്ങൾക്ക് എന്ത് പങ്കുവഹിക്കാനാകും..? പ്രാചീന അറേബ്യയിലെ ഗോത്ര ജീവിതത്തിന്റെയും ആഭിജാത്യത്തിന്റെയും സർഗാത്മക വായന അസൂയാർഹമാം വിധം നോവലിസ്റ്റ് സാധിച്ചിരിക്കുന്നു. വർത്തമാനകാലത്തിന് ഉപകാരപ്പെട്ടേക്കാവുന്ന പ്രവാചകജീവിതത്തിലെ സാഹചര്യങ്ങളെ കുറിച്ച് അവബോധമുള്ള രാമനുണ്ണി അവകളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പുനർവായനക്ക് നിരത്തുകയാണ്. ആമിനയോടൊപ്പം പ്രപഞ്ചവും കാത്തിരുന്ന പിറവി, മാതാപിതാക്കളുടെയും പിതാമഹന്റെയും വേർപാട്, ആടു മേച്ച് നടന്ന ബാല്യം, കച്ചവടക്കാരനായ യൗവനം, പ്രവാചകലബ്ധിയും ഹിജ്‌റയും തുടങ്ങി ചരിത്ര വസ്തുതകൾ പലതും സൂക്ഷ്മമായി അവതരിപ്പിക്കുമ്പോഴും സാഹിതീയമായ മിഴിവും ഒഴുക്കും ഒട്ടും ചോർന്നുപോകാതെ പ്രമേയം അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൃഹാതുര അനുഭവത്തിന്റെ ഖനിപ്രവേശം കൂടിയാണ്. ബാല്യകാലങ്ങളിൽ നബിദിനാഘോഷത്തിന് പങ്കെടുത്ത് തിരിച്ച് വീട്ടിൽ വന്ന് അമ്മയോട് ചോദിച്ച ഒരു ചോദ്യം രാമനുണ്ണി ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഈ മുഹമ്മദ് നബി ആരാണമ്മേ..? അതും നമ്മുടെ കൃഷ്ണനെ പോലെ നമ്മുടെ സ്വന്തക്കാരനണ് കുഞ്ഞേ.. മതസൗഹാർദത്തിന്റെ കേന്ദ്രമായ കേരളത്തിൽ നിന്നുതന്നെ ഇത്തരമൊരു നോവൽ പിറവിയെടുക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. കാലദേശാന്തരങ്ങളെ പ്രവാചകജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിലൂടെ നോവൽ പലർക്കും ആതിഥേയത്വമരുളുന്നുണ്ട്. കൃഷ്ണനും യേശുവും മഹാത്മാ ഗാന്ധിജിയും ടോൾസ്റ്റോയിയും തുടങ്ങി സാമൂഹ്യ മത രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അവരുടെ പ്രത്യയശാസ്ത്രങ്ങളും താളുകൾക്ക് അലങ്കാരമാകുന്നുണ്ട്. ഡി സിയാണ് പ്രസാധകർ. വില 599 രൂപ.
.

hafizmrfkollam333@gmail.com

Latest