ബാലകോട്ടെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ കരഞ്ഞുപോയി: മോദി

Posted on: March 9, 2019 6:53 pm | Last updated: March 10, 2019 at 11:01 am

ന്യൂഡല്‍ഹി: ബാലകോട്ട് ഭീകര ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയപ്പോള്‍ പാക്കിസ്ഥാന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ആക്രമണമായിരുന്നു അത്. ഉറിയില്‍ നാം മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലൊന്ന് പ്രതീക്ഷിച്ച് തയ്യാറായി നില്‍ക്കുകയായിരുന്ന പാക്കിസ്ഥാന് വ്യോമാക്രമണം അപ്രതീക്ഷിത അടിയായിരുന്നുവെന്നും യുപിയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ മോദി പറഞ്ഞു.

ഉറി മിന്നലാക്രമണത്തിന് ശേഷം ഉടന്‍തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം നാം ചെയ്യാനുദ്ദേശിച്ചത് ചെയ്യുകയും പിന്നീട് നിശബ്ദതപാലിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഞെട്ടിയുണര്‍ന്ന പാക്കിസ്ഥാന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ട്വിറ്ററില്‍ നിലവിളി ആരംഭിക്കുകയായിരുന്നു. എന്നാല്‍ ആക്രണം നടന്ന കാര്യം പാക്കിസ്ഥാന്‍ സമ്മതിച്ചപ്പോള്‍ ചിലര്‍ക്ക് ഇപ്പോഴും സംശയങ്ങളാണെന്നും പ്രതിപക്ഷത്തെ ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു. ആക്രമണത്തിന് ശേഷം ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പാക്കിസ്ഥാന് ബോധ്യപ്പെട്ടെന്നും മോദി പറഞ്ഞു.