സിപിഐ സ്ഥാനാര്‍ഥിപട്ടികയായി;സി ദിവാകരന്‍ തിരുവനന്തപുരത്ത്, മാവേലിക്കരയില്‍ ചിറ്റയം, തൃശൂരില്‍ രാജാജി, വയനാട്ടില്‍ സുനീര്‍

Posted on: March 4, 2019 1:23 pm | Last updated: March 4, 2019 at 4:27 pm
സി ദിവാകരന്‍്, ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പിപി സുനീര്‍

തിരുവനന്തപുരം: നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് സി പി ഐ. രണ്ട് സിറ്റിംഗ് എം എല്‍ എമാരെ കളത്തിലിറക്കാനാണ് സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനം. തിരുവനന്തപുരത്ത് സി ദിവാകരനും മാവേലിക്കരയില്‍ ചിറ്റയംഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പി പി സുനീറും മത്സരിക്കും. രാവിലെ എം എന്‍ സ്മാരകത്തില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് തീരുമാനം. ഏഴിന് ചേരുന്ന ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും എക്‌സിക്യുട്ടീവും അംഗീകാരം നല്‍കിയ ശേഷം എല്‍ ഡി എഫ് യോഗം കൂടി കഴിഞ്ഞ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

നിലവില്‍ നെടുമങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയാണ് സി ദിവാകരന്‍. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്‍ മത്സരിക്കണമെന്നാണ് ജില്ലാകമ്മറ്റിയുടെ ആദ്യനിര്‍ദേശമെങ്കിലും അദ്ദേഹം വഴങ്ങാതിരുന്നതോടെ പട്ടികയിലെ രണ്ടാമത്തെ പേരുകാരനായ ദിവാകരനെ തീരുമാനിക്കുകയായിരുന്നു. അടൂര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയാണ് മാവേലിക്കരയിലെ സ്ഥാനാര്‍ഥി ചിറ്റയംഗോപകുമാര്‍. തൃശൂരില്‍ സിറ്റിംഗ് എം പി. സി എന്‍ ജയദേവനെ മാറ്റിയാണ് മുന്‍ എം എല്‍ എ രാജാജി മാത്യു തോമസിനെ നിയോഗിച്ചിരിക്കുന്നത്. വയനാട്ടിലേക്ക് സത്യന്‍മൊകേരിയുടെ പേരാണ് ജില്ലാകമ്മറ്റി നിര്‍ദേശിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമാണ് സുനീറിനെ തീരുമാനിക്കാന്‍ ഇടയാക്കിയത്.