മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക്ക് മാധ്യമം

Posted on: March 4, 2019 9:32 am | Last updated: March 4, 2019 at 1:23 pm

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക്ക് മാധ്യമം. അസ്ഹര്‍ മരിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ച് ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് അസ്ഹര്‍ മരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ തന്നെ ജയ്‌ഷെ മുഹ്മദ് ഇക്കാര്യം നിഷേധിച്ചിരുന്നു. ഗുരുതരമായ വൃക്ക രോഗത്തെത്തുടര്‍ന്ന് അസ്ഹര്‍ വീട്ടില്‍നിന്നുപോലും പുറത്തിറങ്ങാനാകാത്ത വിധം അവശനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് രണ്ട് ദിവസം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിറകെയാണ് അസ്ഹര്‍ മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.