Connect with us

Gulf

കിരീടാവകാശി ആകാനുള്ള അവസരം ഒരിക്കല്‍ നിരസിച്ചു : ഏറെ വെളിപ്പെടുത്തലുകളുമായി ശൈഖ് മുഹമ്മദിന്റെ 'എന്റെ കഥ'

Published

|

Last Updated

ദുബൈ: ദുബൈ കിരീടാവകാശി ആകാനുള്ള അവസരം ഒരിക്കല്‍ നിരസിച്ചിരുന്നതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഈയിടെ പുറത്തിറങ്ങിയ, ശൈഖ് മുഹമ്മദിന്റെ “ഭാഗിക ആത്മ കഥ”യായ മൈ സ്റ്റോറിയിലെ വെളിപ്പെടുത്തലാണിത്. യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ മൂത്ത സഹോദരന്‍ ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമാണ് ആവശ്യം ഉന്നയിച്ചത്. അന്ന് നിരസിച്ചു. നാല് വര്‍ഷത്തിനു ശേഷം ഒരു നിര്‍ണായക ഘട്ടത്തിലാണ് സ്വീകരിച്ചത്. ഭരണകൂടത്തില്‍ ഒരു പങ്കാളിത്തവുംഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മറ്റുള്ളവരുടെ അവകാശത്തില്‍ കൈകടത്തിയിട്ടില്ല. ഭരണ രംഗത്തിരിക്കുമ്പോഴും അത്യാഗ്രഹി ആകാതിരിക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. “”2006 ജനുവരി നാലിന് എന്റെ സഹോദരന്‍ ശൈഖ് മക്തൂം ഹൃദയാഘാതം മൂലം നിര്യാതനായി. ആ ദിവസമാണ് ഞാന്‍ ദുബൈ ഭരണാധികാരി ആയി മാറുന്നത്. മറ്റു എമിറേറ്റുകളിലെ ഭരണാധികാരികള്‍ എല്ലാവരും ചേര്‍ന്ന് എന്നെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാക്കി. ശൈഖ് മക്തൂമിന്റെ വേര്‍പാട് എനിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വേര്‍പിരിഞ്ഞിട്ട് 14 മാസമേ ആയിരുന്നുള്ളൂ. ഞാന്‍ പ്രധാനമന്ത്രി ആയപ്പോള്‍ എന്റെ ചിന്തകളെ ക്രമീകരിക്കാനും മുന്‍ഗണനകള്‍ തിരിച്ചറിയുവാനുമാണ് ഒരുമ്പെട്ടത്. ഞാന്‍ പുതിയൊരു മന്ത്രിസഭ രൂപവത്കരിച്ചു. ചില സമിതികള്‍ ചുരുട്ടിക്കെട്ടി. കൃത്യമായ ഒരു കര്‍മപദ്ധതിയും ആസൂത്രണവും ഒരുക്കാന്‍ പുതിയ മന്ത്രിമാരോട് ആവശ്യപ്പെട്ടു. വലിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മരുഭൂമിയിലേക്ക് പോകാമെന്നു അവരോട് പറഞ്ഞു. പുതിയ ഉയരങ്ങളില്‍ രാജ്യത്തെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം, ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് “എന്റെ കഥ”. തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സാംസ്‌കാരിക ജീവിതത്തിന്റെ സവിശേഷതകളും മേഖലയിലെ മറ്റു ഭരണാധികാരികളുടെ സമീപനങ്ങളും മറയില്ലാതെ ശൈഖ് മുഹമ്മദ് അവതരിപ്പിക്കുന്നുണ്ട്. ശൈഖ് മുഹമ്മദിനെ മറ്റു ഭരണാധികാരികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്, ഭരണ രംഗത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളാണെന്നു വായനക്കാര്‍ക്ക് നേരത്തെ അറിയാം. എന്നാല്‍ ജീവിതത്തെ ഇത്രമാത്രം സുതാര്യമാക്കാന്‍ തയാറാകുന്നതിലൂടെ വായനക്കാര്‍ തീര്‍ച്ചയായും അത്ഭുത ലോകത്തിലെത്തുന്നു.

ഇറാഖ് ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈന്‍, സിറിയയിലെ ഇപ്പോഴത്തെ ഭരണാധികാരി ബശാര്‍ അല്‍ അസദ് തുടങ്ങിയവരുമായി ഇടപഴകിയതിന്റെ വിവരങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇറാഖില്‍ അമേരിക്കന്‍ ആക്രമണത്തിന് തൊട്ടു മുമ്പ് സദ്ദാം ഹുസൈനെ നേരിട്ടുകണ്ട് യു എ ഇ യില്‍ സ്ഥിര താമസത്തിനു ക്ഷണിച്ചതടക്കം ചില നിര്‍ണായക മുഹൂര്‍ത്തങ്ങളെക്കുറിച്ചും മധ്യ പൗരസ്ത്യ മേഖലയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രതിസന്ധികളെക്കുറിച്ചും ശൈഖ് മുഹമ്മദ് വിശകലനം ചെയ്യുന്നുണ്ട്. “ഓരോ മനുഷ്യനിലും നന്മ ദര്‍ശിക്കുന്നതാണ് ശൈഖ് മുഹമ്മദിന്റെ ജീവിത തത്വം. “ഞാന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നു. പതിവ് ചര്യകള്‍ ഒഴിവാക്കി യാത്രകള്‍ ചെയ്യുന്നു. അപ്പോള്‍ എന്റെ ചിന്തകള്‍ നവീകരിക്കപ്പെടുകയും പുതിയ ഊര്‍ജം ലഭ്യമാവുകയും ചെയ്യുന്നു. “ഏതാനും വര്‍ഷം മുമ്പ് ഒരു ആഫ്രിക്കന്‍ യാത്ര നടത്തിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. “അവിടെ ഞാന്‍ ഒരു വിദ്യാലയത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. വലിയൊരു കെട്ടിടത്തില്‍ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. എന്തുകൊണ്ടാണിങ്ങനെയെന്നു അവരോട് ചോദിച്ചു. പട്ടിണി കൊണ്ട് കുട്ടികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നില്ലെന്നു മറുപടി. ഈ ന്യായീകരണം എന്നെ സ്തബ്ധനാക്കി. പട്ടിണി മാറ്റുന്ന വിദ്യാലയങ്ങള്‍ വേണമെന്ന ആശയത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. പിന്നീട് അവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ ധാരാളം കുട്ടികളെ കാണാന്‍ കഴിഞ്ഞു. “ഇത്തരത്തില്‍ ശൈഖ് മുഹമ്മദിന്റെ മനുഷ്യ സ്‌നേഹം വെളിവാക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ വായനയില്‍ ദര്‍ശിക്കാന്‍ കഴിയും. പിതാവ് ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിനെക്കുറിച്ചു ആര്‍ദ്രമായ ഓര്‍മകള്‍ ശൈഖ് മുഹമ്മദ് അയവിറക്കുന്നുണ്ട്. ശൈഖ് റാശിദിന് സഖ്ലാവി ഇനത്തില്‍ പെട്ട ഒരു കുതിരക്കുട്ടി ഉണ്ടായിരുന്നു. അനുസരണയുള്ള ഭൃത്യനെപ്പോലെ ആ കുതിര ശൈഖ് റാശിദിനെ അനുഗമിക്കാറുണ്ടായിരുന്നു. ആളുകള്‍ ശൈഖ് റാശിദിനെ കാണാനെത്തുമ്പോള്‍ കുതിര പിന്നില്‍ നിന്ന് അതിന്റെ തല കൊണ്ട് തണലൊരുക്കും. ആ കുതിരയെ ശൈഖ് മുഹമ്മദിനും ഏറെ ഇഷ്ടമായിരുന്നു. ഒരു പക്ഷെ അതൊക്കെക്കൊണ്ടാകാം ശൈഖ് മുഹമ്മദിന് കുതിരപ്പന്തയത്തോടും താല്പര്യമായത്. ആധുനിക ദുബൈയുടെ വളര്‍ച്ചയ്ക്ക് ശൈഖ് റാശിദാണ് അടിത്തറയിട്ടത്. ശൈഖ് മുഹമ്മദ് അതിനു ഗംഭീരമായ തുടര്‍ച്ചയുണ്ടാക്കി. അതിന്റെ നേര്‍ ചിത്രം വൈയക്തികമായ അനുഭവ പശ്ചാത്തലത്തില്‍ അവതീര്‍ണമാകുകയും ചെയ്യുന്നുണ്ട് പുസ്തകത്തില്‍.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest