Connect with us

National

ചന്ദ്രശേഖര്‍ റാവുവിന്റെ 'ഓപ്പറേഷന്‍ ആകര്‍ഷ്' വീണ്ടും ഫലവത്താകുന്നു; ടി ഡി പി എം എല്‍ എയും ടി ആര്‍ എസിലേക്ക്

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാനയില്‍ പ്രതിപക്ഷ നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേക്ക് റാഞ്ചാനുള്ള ടി ആര്‍ എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ “ഓപ്പറേഷന്‍ ആകര്‍ഷ്” പദ്ധതി വീണ്ടും ഫലവത്താകുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്കു (ടി ഡി പി) തിരിച്ചടി നല്‍കി തങ്ങളുടെ രണ്ട് എം എല്‍ എമാരില്‍ ഒരാളായ സാന്ദ്ര വെങ്കട്ട് വീരയ്യ തെലങ്കാന രാഷ്ട്ര സമിതിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.

സംസ്ഥാനത്ത് ടി ആര്‍ എസ് സര്‍ക്കാര്‍ നടത്തുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഭരണകക്ഷിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കമ്മം ജില്ലയിലെ സതുപള്ളി മണ്ഡലം എം എല്‍ എയായ സാന്ദ്ര വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യവും തന്റെ ജില്ലയുടെ വികസനത്തിനുള്ള ആഗ്രഹവും തീരുമാനത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ഏഴിനു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സതുപള്ളിയില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച സാന്ദ്ര ശനിയാഴ്ച ചന്ദ്രശേഖര്‍ റാവുവിനെ ഫോണില്‍ ബന്ധപ്പെട്ട് തന്റെ താത്പര്യം അറിയിക്കുകയായിരുന്നു. 119 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കമ്മം ജില്ലയിലെ രണ്ടു സീറ്റുകളില്‍ മാത്രമാണ് ടി ഡി പിക്കു വിജയിക്കാനായത്.

കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നല്‍കി രണ്ടു എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട് ടി ആര്‍ എസില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സാന്ദ്രയുടെ തീരുമാനവും പുറത്തുവന്നത്. സംസ്ഥാനത്തെ ഗോത്രവര്‍ഗ ബെല്‍റ്റുകളില്‍ നിന്നുള്ള എം എല്‍ എമാരായ രേഖ കാന്ത റാവു, അത്രാം സാക്കു എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ടി ആര്‍ എസിലേക്കു പോയത്. ആവശ്യമെങ്കില്‍ നിയമസഭാ അംഗത്വം രാജിവച്ച് തങ്ങളുടെ മണ്ഡലത്തില്‍ നിന്നു തന്നെ വീണ്ടു ജനവധി തേടാന്‍ തയാറാണെന്ന് ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 17 ആയി കുറയും. മാര്‍ച്ച് 12ന് ആറ് നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എം എല്‍ എ ക്വാട്ട വഴി ഒരു സീറ്റെങ്കിലും നേടാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷക്കും ഇത് തിരിച്ചടിയായിരിക്കുകയാണ്.