96 ആവർത്തിക്കുമോ? കരുനീക്കം ശക്തമാക്കി ജെ ഡി എസ്

Posted on: March 3, 2019 11:44 am | Last updated: March 3, 2019 at 11:44 am
എച്ച് ഡി ദേവെഗൗഡ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കരുനീക്കങ്ങൾ ശക്തമാക്കി ജനതാദൾ എസ്. ദേശീയതലത്തിൽ കൂടുതൽ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ മറ്റു സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കാനാണ് ജെ ഡി എസ് തീരുമാനം. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കും.

കർണാടകയിൽ ജെ ഡി എസ്- ബി എസ് പി സഖ്യം നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യു പിയിലും സീറ്റ് ആവശ്യപ്പെടാനാണ് നീക്കം. തിരഞ്ഞെടുപ്പിന് ശേഷം ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രാദേശിക കക്ഷികൾ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ജെ ഡി എസ്. ജെ ഡി എസിന് ഭൂരിഭാഗം സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞാൽ ദേവെഗൗഡയായിരിക്കും പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയത് ഇതിന്റെ തെളിവാണ്. കർണാടകയിൽ കോൺഗ്രസ്- ദൾ സഖ്യത്തിന് 22 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ കർണാടകയിൽ നിന്നുള്ള നേതാവ് പ്രധാനമന്ത്രിയാകുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ജെ ഡി എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവെഗൗഡയെ പ്രതിപക്ഷ കൂട്ടായ്മയുടെ പിന്തുണയോടെ അടുത്ത പ്രധാനമന്ത്രിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

കോൺഗ്രസ്- ദൾ സഖ്യത്തിന് വോട്ട് ചെയ്താൽ 1996ലെ രാഷ്ട്രീയ സാഹചര്യം വീണ്ടും വരുമെന്നാണ് കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നത്. കുമാരസ്വാമിയുടെ പ്രസ്താവന കോൺഗ്രസിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം ഇത് കുമാരസ്വാമിയെ അറിയിച്ചതായാണ് വിവരം.
സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി രണ്ട് തവണ യോഗം ചേർന്നെങ്കിലും സീറ്റ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ദളിന് കൂടുതൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വങ്ങൾ എതിരാണ്. അതിനിടെ മാണ്ഡ്യ സീറ്റ് വിട്ടുതരണമെന്ന് കോൺഗ്രസിൽ ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ നിലപാട് മയപ്പെടുത്താൻ ജെ ഡി എസ് ഇനിയും തയ്യാറായിട്ടില്ല. അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നതാണ് കോൺഗ്രസ് ഈ സീറ്റിൽ അവകാശവാദമുന്നയിക്കാൻ കാരണം.