Connect with us

Ongoing News

സി പി ഐ സാധ്യതാ സ്ഥാനാർഥി പട്ടികയായി

Published

|

Last Updated

കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക സി പി ഐ ജില്ലാ കൗൺസിലുകൾ തയ്യാറാക്കി. ഈ മാസം മൂന്ന്, നാല് തീയതികളിൽ ചേരുന്ന സി പി ഐ സംസ്ഥാന നേതൃയോഗത്തിൽ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യും. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പട്ടികയിൽ ആദ്യം തന്നെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും എം എൽ എയുമായ സി ദിവാകരൻ, ജില്ലാ സെക്രട്ടറി ജി ആർ അനിൽ എന്നിവരും പട്ടികയിലുണ്ട്. ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ തന്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർബന്ധം പിടിച്ചതിനാലാണ് ജി ആർ അനിലിന്റെ പേര് അവസാനനിമിഷം ഉൾപ്പെടുത്തിയത്.

തൃശൂരിൽ നിലവിലെ എം പി. സി എൻ ജയദേവന്റെ പേര് തന്നെയാണ് സാധ്യതാ പട്ടികയിൽ ആദ്യമുള്ളത്. മുൻ മന്ത്രിയും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് എന്നിവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കരയിൽ അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ, ആർ എസ് അനിൽ, ദിനേഷ് ബാബു എന്നിവരാണ് സാധ്യതാ പട്ടികയിൽ.
വയനാട്ടിൽ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീർ, പി എം ജോയ് എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയത്. സ്ഥാനാർഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അതേപടി അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കൗൺസിലുകൾ തയ്യാറാക്കി നൽകിയ പട്ടിക പുനഃപരിശോധനക്ക് വിധേയമാക്കും. അതിനുശേഷമാകും ദേശീയ കൗൺസിലിന്റെ അംഗീകാരത്തിനായി നൽകുക.

തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മത്സരിക്കണമെന്നത് ഇന്നലെ ചേർന്ന സി പി ഐ ജില്ലാ കൗൺസിലിന്റെ പൊതുവികാരമായിരുന്നു. എം എൻ ഗോവിന്ദൻ നായരും പി കെ വാസുദേവൻ നായരും ജയിച്ച മണ്ഡലത്തിൽ കാനത്തിനു ജയസാധ്യതയുണ്ടെന്നായിരുന്നു കൗൺസിലിൽ നേതാക്കൾ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ തവണ പാർട്ടി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുയർന്ന പേമെന്റ് സീറ്റ് വിവാദവും സി പി ഐക്കു വലിയ പേരുദോഷം വരുത്തിയെന്ന വികാരം കൗൺസിലിൽ ഉണ്ടായി.

Latest