ഗ്രാൻഡ് മുഫ്തിക്ക്‌ ഊട്ടി മര്‍കസില്‍ സ്വീകരണം നൽകും

Posted on: March 3, 2019 11:05 am | Last updated: March 3, 2019 at 11:06 am
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ഊട്ടി: നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യൻ ഗ്രാന്റ് ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഉജ്ജ്വല സ്വീകരണം നൽകും. ഈമാസം 9ന് ഊട്ടിയിൽ പുതുതായി നിർമിച്ച ഊട്ടി മർകസിന്റെ ഉദ്ഘാടനം, ഹിഫ്‌ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടൽ, നസ്വീഹത്തുൽ ഇസ്‌ലാം വിമൻസ് അറബി കോളജിന്റെ സനദ് ദാന സമ്മേളനം, മേട്ടുപാളയത്ത് വെച്ച് നടക്കുന്ന ബാഖവി സംഗമം, മേട്ടുപാളയത്ത് വെച്ച് നടക്കുന്ന സുന്നി സമ്മേളനം തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാനാണ് കാന്തപുരം എത്തുന്നത്.

സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി കായൽപട്ടണം, മുഹമ്മദ് മുഖ്താർ ബാഖവി, മുഹമ്മദ് ഇല്യാസ് ബാഖവി, മുഹമ്മദാലി ഇംദാദി, അക്ബർ അലി ദാവൂർ, മൻസൂർ ഹാജി ചെന്നൈ, സദഖത്തുള്ള മഖ്ദൂമി, അബ്ദുൽ ഹകീം ഇംദാദി, ശാജഹാൻ ഇംദാദി, അബ്ദുറഹീം ബാഖവി, ജലാലുദ്ധീൻ ഇംദാദി, മുഹമ്മദ് അയ്യൂബ്, അബ്ദുൽ ഹകീം, അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിക്കും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള തയ്യാറൊടുപ്പിലാണ് പ്രാസ്ഥാനിക കുടുംബം നേതാക്കളും, പ്രവൃത്തകരും. കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാന്തപുരത്തെ ഊട്ടിയിലേക്ക് ആനയിക്കുക.