Connect with us

Health

ചൂട്: ജില്ല പകർച്ചവ്യാധി ഭീതിയിൽ

Published

|

Last Updated

കോഴിക്കോട് : ജില്ലയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തിനും വയറിളക്കത്തിനുമെതിരെ ആരോഗ്യവകുപ്പ് ജാഗ്രതയിൽ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അശുദ്ധമായ വെള്ളവും മറ്റും റോഡരികിൽ നിന്നുൾപ്പെടെ വാങ്ങിക്കുടിക്കുന്നത് ഒഴിവാക്കുക, ശുചിത്വം പാലിക്കുക എന്നിവയുൾപ്പെടെയുള്ള ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ സമയത്ത് മഞ്ഞപ്പിത്തത്തിനും വയറിളക്കത്തിനും ഏറെ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ പറഞ്ഞു. ഈ രണ്ട് അസുഖ സാധ്യതകൾക്ക് പുറമെ ജില്ലയിൽ സൂര്യാഘാത ഭീഷണിയും നിലനിൽക്കുന്നു.
പുറത്ത് പണിയെടുക്കുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും മറയുന്ന രൂപത്തിൽ മാത്രമേ ജോലിയിലേർപ്പെടാകൂ എന്നാണ് നിർദേശം. ക്ഷീണം അനുഭവപ്പെട്ടാൽ അടുത്തുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണം.

അതേസമയം ജില്ലയിൽ ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജാഗ്രത തുടരുകയാണ്. കോഴിക്കോട് കോർപറേഷൻ ഏരിയകളിലും ചൂലൂരിലുമാണ് രോഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് ഈ ഭാഗങ്ങളിൽ ഊർജിത ബോധവത്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. സർവേയും പൂർത്തിയാക്കി. കൊതുകുകൾ ഏറെയുള്ള പ്രദേശങ്ങളിൽ ഫോഗിംഗും നടത്തി. തലച്ചോറിനെ ബാധിക്കുന്ന ഇത്തരം പനി കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്.

മസ്തിഷ്‌കം, കേന്ദ്ര നാഡീവ്യൂഹം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗം മൂലം മരണവും സംഭവിക്കാം. കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ രോഗം ഗുരുതരമായി മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിന് കാരണമാകും.
ആർബോവൈറസ് വിഭാഗത്തിൽപ്പെട്ട ജപ്പാൻജ്വര രോഗാണു പന്നി, കൊക്ക്, മറ്റു പക്ഷികൾ എന്നിവയിൽ കാണപ്പെടുന്നു. ഈ ജീവികളെ കടിക്കുന്ന ക്യൂലക്‌സ് വിഭാഗം കൊതുകുകളിൽ ഈ രോഗാണു പ്രവേശിക്കുകയും വളരുകയും പെരുകുകയും ചെയ്യും. ഇത്തരം കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ രോഗാണു മനുഷ്യരിൽ പ്രവേശിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് ഇത്തരം ക്യൂലക്‌സ് കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. ഈയിനം കൊതുകുകളെ കോർപറേഷൻ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ സിറാജിനോട് പറഞ്ഞു.

Latest