സൂര്യാതപം: തൊഴിൽ സമയം പുനഃക്രമീകരിച്ചു

Posted on: February 28, 2019 1:15 pm | Last updated: February 28, 2019 at 1:15 pm

പാലക്കാട്: ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖലയിലുള്‍പ്പെടെ തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചതായി ലേബര്‍ കമ്മീഷനര്‍ ഉത്തരവിട്ടു.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയാണ്. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി.

രാവിലെയും ഉച്ചക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12മുതല്‍ വിശ്രമിച്ച് വൈകീട്ട് മൂന്നിന് തുടങ്ങുന്ന വിധത്തിലും പുനഃക്രമീകരിച്ചു. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ് ) രാമകൃഷ്ണന്‍ അറിയിച്ചു.