Connect with us

Gulf

ദുബൈ രാജ്യാന്തര ബോട്ട് ഷോ ആരംഭിച്ചു

Published

|

Last Updated

ദുബൈ: രാജ്യാന്തര ബോട്ട് ഷോ ദുബൈയില്‍ ആരംഭിച്ചു. ജുമൈറയില്‍ ദുബൈ കനാലില്‍ നാനൂറിലധികം ബോട്ടുകളും അന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള 800 രാജ്യാന്തര ബ്രാന്‍ഡുകളും പങ്കെടുക്കുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രാജ്യാന്തര ബോട്ട് ഷോ സന്ദര്‍ശിച്ചു.

അഞ്ചുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവേശനം. 65 ദിര്‍ഹമാണ് പ്രവേശന ഫീസ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും. മത്സ്യബന്ധന ബോട്ടുകള്‍, ഉല്ലാസ നൗകകള്‍, സൂപ്പര്‍യോട്ടുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. വിവിധ മത്സരങ്ങളും അരങ്ങേറുന്നു. ചെറുതും വലുതുമായ 38 ബോട്ടുകള്‍ ദുബൈ കനാലില്‍ നീറ്റിലിറക്കുന്ന ചടങ്ങുകളുമുണ്ട്. 17 വന്‍യോട്ടുകള്‍ പ്രദര്‍ശനത്തിനുണ്ട്. 50 മീറ്റര്‍ നീളമുള്ള ഹീസന്‍ റോക്കറ്റ്, 47 മീറ്ററുള്ള അക്വ മറീന്‍, 38 മീറ്ററുള്ള കസ്റ്റംലൈന്‍ 120 എന്നിവ ശ്രദ്ധേയമാണ്. യു എ ഇയിലെ നിര്‍മാതാക്കളായ ഗള്‍ഫ് ക്രാഫ്റ്റിന്റെ 42 മീറ്റര്‍ നീളമുള്ള മജസ്റ്റി 140 ഉം 31.7 മീറ്റര്‍ നീളമുള്ള മജസ്റ്റി 100മുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ നേരിട്ട് പ്രദര്‍ശനത്തിനെത്തി. ഇ ഡി എ, പിഎ ഡി ഐ, എസ് എസ് ഐ ക്ലബുകളുടെ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ പ്രവേശന ടിക്കറ്റും ലഭിക്കും. 70ലധികം പേര്‍ പങ്കെടുക്കുന്ന രാജ്യാന്തര അക്വാബൈക്ക് ചാംപ്യന്‍ഷിപ്പും ഇതോടൊപ്പമുണ്ട്. യുഎഇയുടെ ജെറ്റ് സ്‌കീ താരമായ അലി അല്‍ ലഞ്ചാവി, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ചാംപ്യനായ അബ്ദുല്‍ റസാക്ക്, ജെറ്റ് സ്‌കീയിങ് മുന്‍ ലോക ചാംപ്യന്‍ കെവിന്‍ റെയ്റ്ററര്‍ തുടങ്ങിയവര്‍ പങ്കെടും. മാര്‍ച്ച് ഒന്നിന് 10.30, 12.30, 3.30, 5.30 എന്നീ സമയങ്ങളിലാണ് മത്സരം. ദുബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് 360 കിലോമീറ്റര്‍ പായ്്ക്കപ്പലോട്ട മത്സരവും ഉണ്ടാകും. വ്യാഴം ഉച്ചക്കു രണ്ടിന് തുടങ്ങും.

Latest