കരിപ്പൂരിന്റെ കാര്യത്തിൽ അത് അങ്ങനെയാണ്

Posted on: February 25, 2019 12:51 pm | Last updated: February 25, 2019 at 12:51 pm

രണ്ട് വർഷം മുമ്പാണ്. തൃത്താല എം എൽ എ. വി ടി ബലറാമിന്റെ ഒരു നിയമസഭാ പ്രസംഗം വൈറലായി. കരിപ്പൂർ വിമാനത്താവളത്തിനോടുള്ള അവഗണനക്കെതിരെ എം എൽ എ കത്തിക്കയറുന്നു. പൊന്നാനി എം എൽ എയായ പി ശ്രീരാമകൃഷ്ണൻ സ്പീക്കർ കസേരയിലിരുന്ന് വി ടി ബലറാമിനോട് ചരിത്രം ഇത്രയധികം വിശദീകരിക്കേണ്ടതില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മറുപടി നൽകുമ്പോൾ എല്ലാം മനസ്സിലാകുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. പക്ഷേ, ഇതൊന്നും ഗൗനിക്കാതെ ബലറാം പ്രസംഗം തുടരുന്നു.

1988 ഏപ്രിൽ 13ന് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത് മുതൽ, പ്രവാസികളെയും മലബാറിലെ മറ്റ് യാത്രക്കാരെയും നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നതിനാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇഷ്ടവിഷയാണ് കരിപ്പൂർ. തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും കരിപ്പൂരിന്റെ അസൗകര്യങ്ങളും അവഗണനയും പ്രസംഗിച്ച് കൊണ്ടിരുന്നു. വിമാനത്താവളം കേന്ദ്രത്തിന്റെ പരിധിയിൽപ്പെടുന്നതായതിനാൽ അവരുടെയെല്ലാം ആവശ്യങ്ങൾ ബധിര കർണങ്ങളിലാണ് പതിക്കാറ്. എങ്കിലും വോട്ട് പെട്ടിയിലാക്കാൻ പറ്റിയ വിഷയമാണിതെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിരുന്നു. ആ ലക്ഷ്യം വെച്ച് ചിലരെങ്കിലും വിമാനത്താവളത്തിന് വേണ്ടി ഓടിപ്പാഞ്ഞു. ആത്മാർഥമായ പ്രവർത്തനങ്ങളില്ലാത്തതിനാൽ വികസനത്തിന്റെ കാര്യത്തിൽ കരിപ്പൂർ വിമാനത്താവളം പിറകിൽ തന്നെ നിന്നു.

കോഴിക്കോട് എം പി. എം കെ രാഘവന്റെ ചില സജീവ ഇടപെടലുകളൊഴിച്ചാൽ 2015 മെയ് ഒന്നിന് റൺവേ റീ കാർപ്പറ്റിംഗിന്റെ പേരിൽ അടച്ചിട്ട വിമാനത്താവളം പൂർവ സ്ഥിതിയിലാക്കാൻ യു ഡി എഫിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളുണ്ടായില്ല. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പൊതു- സ്വകാര്യ സംരംഭമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വേണ്ടി നിലകൊണ്ടുവെന്ന ആക്ഷേപമുണ്ടായി. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്താണ് ഹജ്ജ് എംബാർക്കേഷൻ പോയന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. മൂന്ന് വർഷത്തോളം ഹജ്ജ് തീർഥാടകർക്ക് നെടുമ്പാശ്ശേരി വഴി പോകേണ്ടി വന്നു. ഒരു ഹജ്ജ് യാത്രയയപ്പ് വേളയിൽ നെടുമ്പാശ്ശേരിയിൽ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോടികൾ ചെലവഴിച്ച് നിർമിച്ച ഹജ്ജ് ഹൗസ് കരിപ്പൂരിലുള്ളപ്പോൾ പിന്നെയെന്തിന് നെടുമ്പാശ്ശേരിയിൽ വീണ്ടുമൊരു ഹജ്ജ് ഹൗസ് എന്ന് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാരും ചോദിച്ചതായി കേട്ടിട്ടില്ല.

അതേസമയം, സി പി എം ഉൾപ്പെടെയുള്ള സംഘടനകൾക്ക് പൊതു- സ്വകാര്യ സംരംഭമായ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിലായിരുന്നു താത്പര്യമെന്ന് ആക്ഷേപമുണ്ടായി. ഇടതു വലതുമുന്നണികളുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകാത്ത സ്ഥിതിയിൽ പോലും വലിയ വിമാനങ്ങൾ ഇറങ്ങി കരിപ്പൂർ പൂർവസ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, നേരത്തെയുണ്ടായിരുന്ന എല്ലാ വിമാന സർവീസുകളും പുനരാരംഭിച്ചിട്ടില്ല.
2006 ഫെബ്രുവരി രണ്ടിനാണ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചത്. വലിയ വിമാനങ്ങൾക്കിറങ്ങാൻ റൺവേ ഒമ്പതിനായിരം അടിയെങ്കിലും വികസിപ്പിക്കണമെന്ന നിർദേശം 94ലാണ് ഉയരുന്നത്.

ഉത്തർപ്രദേശുകാരനായ കോഴിക്കോട് കലക്ടർ അമിതാഭ് കാന്താണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ആറായിരം അടിയുള്ള റൺവേയിൽ നിന്ന് ചെറിയ വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താൻ കഴിയുമായിരുന്നുള്ളൂ. അറുപത് കോടി രൂപ ചെലവ് വരുന്ന പദ്ധതി ഹഡ്‌കോയിൽ നിന്ന് വായ്പയെടുത്ത് പൂർത്തിയാക്കി. ബാധ്യത തീർക്കാൻ ഏതാനും വർഷങ്ങൾ യൂസേഴ്‌സ് ഫീ ഏർപ്പെടുത്തിയപ്പോൾ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ അതിനെതിരെ രംഗത്തുവന്നു. പ്രതിഷേധങ്ങളായി. വിമാനത്താവളം ഇങ്ങനെ അന്താരാഷ്ട്ര പദവിയിലേക്ക് കുതിക്കുമ്പോഴും പലപ്പോഴായി കരിപ്പൂരിനെ വിടാതെ വിവാദങ്ങളുമുണ്ടായി. ഒരു ഘട്ടത്തിൽ മുംബൈ വിമാനത്താവളത്തിന് തൊട്ടുപിന്നിലായിരുന്നു കരിപ്പൂരിന്റെ വളർച്ച.

പ്രതീക്ഷകളെല്ലാം പൊടുന്നനെ തകിടം മറിയുന്നതാണ് കണ്ടത്. റൺവേ റീ കാർപറ്റിംഗിന്റെ പേരിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തി. വിഷയം മാധ്യമശ്രദ്ധ നേടിയതോടെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പതിവ് പ്രസ്താവനകളെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനും ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം നടത്തി. ഇടത് ആഭിമുഖ്യമുള്ള പ്രവാസി സംഘം എയർ ഇന്ത്യ ഓഫീസിനു മുന്നിൽ രാപകൽ സമരം സംഘടിപ്പിച്ചു. ഇതോടൊപ്പം മറ്റ് വിവിധ സംഘടനകളും പ്രതിഷേധവുമായെത്തി. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിമാനത്താവളത്തിലൂടെ വലിയ വിമാന സർവീസ് തിരികെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് തങ്ങളുടെ എക്കൗണ്ടിൽ എഴുതിച്ചേർക്കാൻ പല രാഷ്ട്രീയ പാർട്ടികളും രംഗത്ത് വരും.

-ശഫീഖ് കാന്തപുരം