എറണാകുളത്തെ കണക്കും ഭൂമിശാസ്ത്രവും

ചരിത്രം ഇങ്ങനെ
Posted on: February 24, 2019 11:55 pm | Last updated: February 25, 2019 at 12:06 am

ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണായകമായ എറണാകുളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, മണ്ഡലം അധികവും കൂടെ നിന്നിട്ടുള്ളത് കോൺഗ്രസിനൊപ്പമാണ്. ഉപതിരഞ്ഞെടുപ്പുകളടക്കം 17 തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അഞ്ച് തവണ മാത്രമാണ് എൽ ഡി എഫിനൊപ്പം മണ്ഡലം നിന്നത്. പന്ത്രണ്ട് തവണയും കോൺഗ്രസിന്റെ സുരക്ഷിതമേഖല തന്നെയായിരുന്നു മണ്ഡലം. ഇപ്പോഴും ഭൂമിശാസ്ത്രപരമായി അതിൽ വലിയ മാറ്റമൊന്നുമില്ലെന്ന് തന്നെയാണ് കണക്കാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ, എറണാകുളം, കളമശ്ശേരി, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളിൽ വിജയക്കൊടി നാട്ടിയത് യു ഡി എഫാണ്. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ എൽ ഡി എഫിനായിരുന്നു ജയം. കൊച്ചിയും തൃപ്പൂണിത്തുറയും യു ഡി എഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തതാണ്. മധ്യ കേരളത്തിൽ മുസ്‌ലിം ലീഗിന് സ്വന്തമായി എം എൽ എ ഉള്ള കളമശ്ശേരിയും എറണാകുളം ലോക്‌സഭാ മണ്ഡലത്തിലാണ്.

പുതിയ കണക്ക് പ്രകാരം കനത്ത പോരാട്ടത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് വേണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ എറണാകുളത്തെ വിലയിരുത്താം.
എങ്കിലും യു ഡി എഫിന്റെ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തിക്കാട്ടുന്നത്. എറണാകുളം പാർലിമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങൾ ഏഴിൽ നാലും കോൺഗ്രസിനൊപ്പമുണ്ടെന്നതിനപ്പുറം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റ് കോർപറേഷനുകളിൽ നിന്ന് തുത്തെറിയപ്പെട്ടപ്പോൾ കൊച്ചിയിൽ കൂടുതൽ സീറ്റ് നേടി യു ഡി എഫ് ശക്തി തെളിയിച്ചു.

കെ വി തോമസ് തന്നെയാണ് കഴിഞ്ഞ രണ്ട് തവണയും എറണാകുളത്ത് നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. 2009ൽ, അന്നത്തെ എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയിയെ 11,790 വോട്ടുകൾക്ക് തോൽപ്പിച്ചാണ് തോമസ് പാർലിമെന്റിലെത്തിയതെങ്കിൽ 2014ൽ ഭൂരിപക്ഷം 87,047 ആയി ഉയർത്താനായി. എറണാകുളം ലോക്‌സഭാ മണ്ഡലത്തെ അഞ്ച് വട്ടമാണ് കെ വി തോമസ് പ്രതിനിധാനം ചെയ്തത്. 1984 മുതൽ മത്സരരംഗത്തുള്ള കെ വി തോമസ് 1996ൽ ഇടതിന്റെ സേവ്യർ അറയ്ക്കലിന് മുന്നിൽ മാത്രമാണ് തോൽവി സമ്മതിച്ചത്.

പിന്നീട് 2009ൽ മടങ്ങിയെത്തി തുടർച്ചയായ രണ്ട് വട്ടം എറണാകുളത്ത് യു ഡി എഫ് മേൽക്കൈ അരക്കിട്ട് ഉറപ്പിച്ചു. യു പി എ സർക്കാറിൽ ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായും തോമസ് തിളങ്ങി. ഇടത് സ്വതന്ത്രനായി മത്സരിച്ച് മൂന്ന് തവണ സെബാസ്റ്റ്യൻ പോൾ വിജയിച്ചതിന്റെ പഴയ ചരിത്രം നൽകുന്ന ആത്മവിശ്വാസമാണ് സി പി എമ്മിന് ഇപ്പോഴും പ്രതീക്ഷ നൽകുന്നത്. രണ്ട് തവണയും ഉപതിരഞ്ഞെടുപ്പുകളിലായിരുന്നു വിജയം. 2004 ലെ തിരഞ്ഞെടുപ്പിൽ ആണ് അവസാനമായി സെബാസ്റ്റ്യൻ പോൾ വിജയിച്ചത്. അന്ന് 70,099 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കിയിരുന്നു.