Connect with us

Gulf

കൊമ്പന്‍ സ്രാവിനെ പിടികൂടിയ സ്വദേശി പൊല്ലാപ്പില്‍

Published

|

Last Updated

ഫുജൈറ: ഫുജൈറ കടലില്‍ നിന്ന് 347 കിലോ വരുന്ന കൊമ്പന്‍ സ്രാവിനെ പിടികൂടിയതിനെകുറിച്ച് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഈ മാസം 16നാണ് ഫുജൈറ തീരത്തുനിന്ന് 64 കിലോമീറ്റര്‍ അകലെയായി ഉള്‍കടലില്‍ നിന്ന് സ്വദേശി സ്രാവിനെ പിടികൂടിയത്. സ്വദേശിയായ ഈദ് സുലൈമാന്‍, സുഹൃത്ത് ജുമാ സാലെം, മറ്റ് രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് സ്രാവിനെ കിട്ടിയത്. പരമ്പരാഗത ചൂണ്ടയില്‍ കുടുങ്ങിയ സ്രാവിനെ ഉച്ചക്ക് 12 മുതല്‍ ആരംഭിച്ച പ്രയത്‌നത്തിനൊടുവില്‍ വൈകീട്ട് 3.30 ഓട് കൂടിയാണ് ബോട്ടിലേക്ക് കയറ്റാനായത്. ഇതിനിടെ സമീപത്തു മത്സ്യബന്ധനം നടത്തിയിരുന്ന മറ്റ് സുഹൃത്തുക്കളും സഹായത്തിനായി എത്തി.
സാധാരണ ഉപയോഗിക്കുന്ന ചൂണ്ടയാണ് മീന്‍ പിടുത്തതിന് ഉപയോഗിച്ചത്. എന്നാല്‍ ഇത്തരം വലിയ സ്രാവുകളെയൊന്നും കിട്ടാറുണ്ടായിരുന്നില്ല. തന്നെയുമല്ല ഇത്തരം സ്രാവുകളെ പിടിക്കുന്നതിന് നിരോധനം ഏര്‍പെടുത്തിയ സമയമാണിതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്രാവിനെ ബോട്ടിലേക്ക് കയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്രാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കാലാവസ്ഥാ മന്ത്രാലയം ഇത്തരം സ്രാവുകളെ പിടികൂടുന്നത് താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അഞ്ച് മാസം ഇത്തരത്തില്‍ ഇവയെ പിടികൂടുന്നതിനാണ് നിരോധനം. നിരോധനം ലംഘിച്ചതിനെ തുടര്‍ന്ന് സ്വദേശിയുടെ മല്‍സ്യ ബന്ധന ലൈസന്‍സ് ആറ് മാസത്തേക്ക് മാത്രമായി വെട്ടിച്ചുരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്രാവിനെ പിടികൂടാന്‍ നിരോധനമുള്ള സമയമാണിതെന്ന് അറിയാതെയാണ് താന്‍ പിടികൂടിയതെന്ന് ഇദ്ദേഹം പറഞ്ഞു. 347 കിലോ ഭാരമുള്ള സ്രാവിന് മൂന്ന് മീറ്റര്‍ നീളമുണ്ട്. കരക്കെത്തിച്ച സ്രാവിനെ 2,900 ദിര്‍ഹമിന് വിറ്റിരുന്നു.

Latest