Connect with us

Malappuram

ജയില്‍പ്പുള്ളികളും ജീവനക്കാരും ജയില്‍ ജൈവ സമ്പുഷ്ടമാക്കി

Published

|

Last Updated

മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ തടവുപുള്ളികളും ജീവനക്കാരും ഒരുക്കിയ പച്ചക്കറി തോട്ടം വിളവെടുപ്പിന് തയ്യാറെടുത്തപ്പോള്‍

മഞ്ചേരി: വിവിധ കേസുകളിലായി മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിഞ്ഞു വരുന്ന തടവു പുള്ളികളും ജയില്‍ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരും കൈകോര്‍ത്ത് തടവറയെ പൂങ്കാവനമാക്കാനുള്ള ശ്രമം.

40 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏക സ്‌പെഷ്യല്‍ സബ്ജയിലില്‍ കൃഷി ചെയ്യാനുള്ള സ്ഥലം വളരെ പരിമിതമാണ്. എങ്കിലും ഇതിനകത്ത് വിളയുന്നത് വെണ്ട, ചീര, തക്കാളി, പച്ചമുളക്, വഴുതന, പയര്‍, വാഴ എന്നിങ്ങനെ വിഷ രഹിത പച്ചക്കറികളാണ്. രാസവളം തെല്ലും ചേര്‍ക്കാതെ വിളയിക്കുന്ന ഇവ ജയിലില്‍ ഭക്ഷണം ഉണ്ടാക്കാനായി മാത്രം ഉപയോഗിക്കുന്നു. കാര്‍ഷിക വൃത്തിയുടെ വിപുലീകരണത്തിന് ഏക തടസ്സം സ്ഥല പരിമിതിയാണ്.

സൂപ്രണ്ട് ദിനേഷ് ബാബു, ജയിലുദ്യോഗസ്ഥനായ അബ്ദുല്‍ ജലീല്‍ എന്നിവരുടെ നിര്‍ദേശവും നേതൃത്വവും ജയില്‍ പച്ചക്കറി തോട്ടമാക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത്. ജയില്‍ പ്രവേശന കവാടത്തിനു ഉള്‍വശത്തായി അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ജയിലുകളില്‍ സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നതിനോടനുബന്ധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലും സുരക്ഷാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതില്‍ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. തടവറയുടെ പുറംഭിത്തി ഒരു മീറ്ററിലധികം ഉയര്‍ത്തി. പുതിയ ബോര്‍ഡ് സ്ഥാപിച്ചു. ജയിലിലേക്കുള്ള വഴി ഇന്റര്‍ലോക്ക് പാകി. ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡിന് സുരക്ഷാ കവചം സ്ഥാപിച്ചു. തൂണുകള്‍ ലോഹത്തകിടുകളാല്‍ ആവരണം ചെയ്തു. തടവ് പുള്ളികള്‍ക്ക് സന്ദര്‍ശകരുമായി കാണാനും സംസാരിക്കാനുമായുള്ള ഇവ്യൂ ഗ്രില്‍ നവീകരിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ തടവുപുള്ളികള്‍ക്ക് കൈമാറുന്നത് തടയാനാണിത്.

 

Latest