Connect with us

National

ഗുവാഹത്തിയില്‍ വിഷമദ്യ ദുരന്തം; 53 തേയിലത്തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

ഗുവാഹത്തി: അസമിലെ ഗോലാഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. മരിച്ചവരില്‍ ഏഴു സ്ത്രീകളും ഉള്‍പ്പെടും. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജോര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗോലാഘട്ട് സിവില്‍ ആശുപത്രിയിലുമാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

തേയിലത്തോട്ടം തൊഴിലാളികളാണ് ദുരന്തത്തിനിരയായത്. സംഭവത്തില്‍ മദ്യഷാപ്പുടമകളായ ഇന്ദുകല്‍പ ബോര്‍ദൊലോയ്, ദേബ ബോറ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് എക്സൈസ് ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി ജുഗിബാരി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത നാടന്‍ മദ്യഷാപ്പില്‍ നിന്ന് മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും 12 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി സര്‍ബനന്ദ സൊനോബല്‍ ഉത്തരവിട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികംപേര്‍ മരിച്ച് രണ്ടാഴ്ച പിന്നിടുംമുമ്പാണ് മറ്റൊരു വിഷമദ്യദുരന്തംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Latest