Connect with us

Gulf

ജുമൈറ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈ ജുമൈറയിലെ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മര്‍റിയുടെ ക്ഷണപ്രകാരമാണ് പിണറായി വിജയന്‍ സ്മാര്‍ട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, പോലീസ് ഇല്ലാത്ത സ്റ്റേഷനാണിതെന്ന് പോലീസ് മേധാവി മേജര്‍ ജനറല്‍ അബദുല്ല ഖലീഫ അല്‍ മര്‍റി വിശദീകരിച്ചു. സ്മാര്‍ട് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പെടുത്താന്‍ ദുബൈ പോലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണിത്.
നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

സ്മാര്‍ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യ ഇന്ത്യന്‍ ഭാഷയാണ് മലയാളം. പോലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ സ്മാര്‍ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ ആണ് ദുബൈ ജുമൈറയിലേത്. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണമായും. ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബൈ പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ് കല്‍പിക്കാനും സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.
ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. യു എ ഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്. ജുമൈറയില്‍ ആരംഭിച്ച സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ ഇതിനകംതന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.