മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ പിഴ ഈടാക്കുന്നത് അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി

Posted on: February 12, 2019 11:46 pm | Last updated: February 13, 2019 at 11:30 am

തിരുവനന്തപുരം: മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ ബേങ്കുകള്‍ പിഴ ഈടാക്കുന്ന നടപടി അംഗീകരിക്കാനാകിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ക്ക് ഈടാക്കുന്ന അമിത നിരക്ക് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ധനവകുപ്പു മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബേങ്കുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിനു പരിമിതിയുണ്ടെന്ന് പി ടി തോമസിന്റെ സബ്മിഷന് രേഖാമൂലം മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു. മിനിമം ബാലന്‍സ് നിബന്ധന ഉള്ളവയും ഇല്ലാത്തവയുമായ വിവിധ തരം സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സംസ്ഥാനതല ബേങ്കിംഗ് സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടെന്നും സമിതി പറയുന്നു.

മിനിമം ബാലന്‍സിനെക്കാള്‍ കുറഞ്ഞ തുക അക്കൗണ്ടിലുണ്ടാകുന്ന സ്ഥിതി ബേങ്കുകള്‍ തന്നെ സൃഷ്ടിക്കുന്നുണ്ടെന്നും അതിനു ശേഷം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.