പ്രളയ ബാധിത മേഖലകളില്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ബേങ്കുകള്‍ക്കു നിര്‍ദേശം നല്‍കും

Posted on: February 12, 2019 10:22 pm | Last updated: February 13, 2019 at 9:45 am

തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളില്‍ ജപ്തി നടപടികള്‍ സ്വീകരിക്കരുതെന്ന് ബേങ്കുകളോടു നിര്‍ദേശിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനതല ബേങ്കേഴ്‌സ്‌ സമിതിയില്‍ നിര്‍ദേശം മുന്നോട്ടു വെക്കാനാണ് നീക്കം. പ്രളയ ബാധിത മേഖലകളിലെ ബേങ്ക് വായ്പകള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മോറട്ടോറിയം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഈ സാഹചര്യത്തിലും സഹകരണ ബേങ്കുകള്‍ ഉള്‍പ്പടെയുള്ളവ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാറിനെ മാറ്റാനുള്ള തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു. തീരദേശ പോലീസ് എ ഡി ജി പി. സുദേഷ് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കും, പത്മകുമാറിന് പകരം നിയമനം നല്‍കും. ജലവിഭവ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ്‌ നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ എന്‍ പ്രശാന്തിനെ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാക്കും.

എറണാകുളത്തെ കുന്നത്തുനാട് താലൂക്കില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ തടയാനുള്ള ശ്രമത്തിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്. ഭൂഗര്‍ഭ കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിനും അഞ്ചു ലക്ഷം ദുരിതാശ്വാധ നിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനമായി.