അലഹബാദ് സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു

Posted on: February 12, 2019 8:23 pm | Last updated: February 12, 2019 at 10:23 pm

ലക്‌നൗ: അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ പ്രത്യേക വിമാനത്തില്‍ പോകാനെത്തിയ യു പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. വിമാനത്താവളത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന
അധികൃതരുമായി രണ്ടു മണിക്കൂറോളം തര്‍ക്കിച്ച ശേഷം അദ്ദേഹത്തിനു തിരിച്ചുപോകേണ്ടി വന്നു.

അഖിലേഷിനെ തടഞ്ഞുവെന്ന വിവരമറിഞ്ഞെത്തിയ എസ് പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഭയമാണ് തന്നെ തടയാന്‍ യു പി സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്ന് അഖിലേഷ് യാദവ് പിന്നീട് പറഞ്ഞു. താന്‍ വിമാനത്തില്‍ കയറുന്നത് അധികൃതര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. തന്റെ ദേഹത്തു നിന്ന് കൈയെടുക്കാന്‍ അഖിലേഷ് ഉദ്യോഗസ്ഥരോട് പറയുന്നതും ദൃശ്യത്തിലുണ്ട്.

എസ് പി നേതാവിനെതിരായ നടപടിയെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയും അപലപിച്ചു. എസ് പി-ബി എസ് പി സഖ്യത്തെ ഭയക്കുന്നതു കൊണ്ട് തന്നെയാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള സര്‍ക്കാറുകള്‍ ഈ രീതിയില്‍ പെരുമാറുന്നതെന്ന് അവര്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് സര്‍വകലാശാലയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.