പാക് സേനയുടെ അതിക്രമം: പാക് അധീന കശ്മീരില്‍ തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍

Posted on: February 12, 2019 7:14 pm | Last updated: February 12, 2019 at 7:14 pm

മുസഫറാബാദ്: മുസഫറാബാദിലും പാക് അധീന കശ്മീരിലെ മറ്റു ഭാഗങ്ങളിലും പാക് സൈന്യത്തിനും ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനും (ഐ എസ് ഐ) എതിരെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം. ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ജെ കെ എന്‍ എസ് എഫ്) ആണ് പ്രക്ഷോഭം നടത്തിയത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ പാക് സേന നടത്തുന്ന ക്രൂരമായ അതിക്രമങ്ങളെ അപലപിച്ച് സംഘടന മുസഫറാബാദ് സിറ്റിയില്‍ റാലിയും  സംഘടിപ്പിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പാക് സൈന്യമാണെന്ന് ആരോപിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രകടനത്തിലും റാലിയിലും ഉയര്‍ന്നു. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വക്കെതിരെയും അവര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി.

അടുത്തിടെ മുസഫറാബാദില്‍ പ്രതിഷേധ പരിപാടി നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതും ഇന്നത്തെ പ്രക്ഷോഭത്തില്‍ അപലപിക്കപ്പെട്ടു.
1947ല്‍ പാക് സൈന്യം കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗങ്ങളില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനും പാക് സൈന്യം ശ്രമിക്കുന്നതായി അവര്‍ പറഞ്ഞു.