Connect with us

Gulf

സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കും

Published

|

Last Updated

റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. സഊദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. 19ന് ന്യൂഡല്‍ഹിയിലത്തെുന്ന അദ്ദേഹം രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അമീര്‍ മുഹമ്മദിന്റെ ഇന്ത്യാ സന്ദര്‍ശനം. സഹകരണ പങ്കാളിത്തത്തോടപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളവും ദൃഢവുമായി മാറിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി കിരീടാവകാശി ന്യൂഡല്‍ഹിയില്‍ സഊദി എംബസിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എനര്‍ജി ഫോറം പരിപാടിയില്‍ ഇന്ധന ചില്ലറകച്ചവടം, പെട്രോ കെമിക്കല്‍സ് മേഖലകളിലും ഖനന മേഖലയിലും സഊദി കമ്പനികള്‍ക്ക് നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കിയിരുന്നു.

കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും തമ്മിലുള്ള വാണിജ്യ മേഖലക്ക് കൂടുതല്‍ കരുത്തു പകരുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2017 -2018 സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 27.48 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

വ്യവസായികളും, നിക്ഷേപകരും വളരെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്, മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും സഊദിയിലെ മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സംഘം കിരീടാവകാശിയുടെ യാത്രയിലുണ്ടാവും. ഗള്‍ഫ് മേഖലയില്‍ വ്യാപാരരംഗത്ത് ഇന്ത്യയുടെ ഏറ്റവും പങ്കാളിത്തമുള്ള രാജ്യങ്ങളില്‍ ഒന്നാണ് സഊദി അറേബ്യ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നും സഊദി തന്നെ.

ഇരുപത് ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. 2010ല്‍ പ്രധാനന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങും 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.

– മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest