എകെ ശര്‍മയുടെ സ്ഥലംമാറ്റം: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് ഒരു ലക്ഷം രൂപ പിഴയും തടവും

Posted on: February 12, 2019 1:37 pm | Last updated: February 12, 2019 at 8:24 pm

ന്യൂഡല്‍ഹി: കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ സുപ്രീം കോടതി ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. ബിഹാറിലെ അഭയ കേന്ദ്രത്തില്‍ നടന്ന കൂട്ട ബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എകെ ശര്‍മയെ സ്ഥലംമാറ്റിയ കേസിലാണ് ശിക്ഷ.

നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ഫെബ്രവരി ഏഴിന് വാദം കേള്‍ക്കവെ കോടതി നിരീക്ഷിച്ചിരുന്നു. സ്ഥലം മാറ്റിയ നടപടി തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് അപേക്ഷിക്കുന്നതായും നാഗേശ്വരറാവുവിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചെങ്കിലും ഈ വാദങ്ങളെല്ലാം തള്ളി ചീഫ് ജസ്റ്റിസ് ശിക്ഷ വിധിക്കുകയായിരുന്നു.