Connect with us

National

പ്രധാനമന്ത്രി ഇടനിലക്കാരനെന്ന്; റഫാലില്‍ അനില്‍ അംബാനിക്കെതിരെ പുതിയ തെളിവുകളുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായെന്ന് രാഹുല്‍ ആരോപിച്ചു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് ഇടപാട് വിവരങ്ങള്‍ അനില്‍ അംബാനിക്ക് മോദി ചോര്‍ത്തിനല്‍കിയെന്ന് രാഹുല്‍ പറഞ്ഞു. ഇതിന് തെളിവായി എയര്‍ ബസ് ഉദ്യോഗസ്ഥന്‍രെ ഇ മെയില്‍ സന്ദേശം രാഹുല്‍ പുറത്തുവിട്ടു.

പ്രധാനമന്ത്രി റഫാല്‍ ഇടപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സിലേക്ക് പോയതിന് പത്ത് ദിവസം മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഈ സന്ദര്‍ശനം സ്ഥിരീകരിച്ചുകൊണ്ട് എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം രാഹുല്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 മാര്‍ച്ചിലാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രി റഫാല്‍ കരാര്‍ ചര്‍ച്ചകള്‍ക്കായി ഫ്രാന്‍സില്‍ പോകും മുമ്പാണിത്. ഈ സാഹചര്യത്തില്‍ കരാര്‍ സംബന്ധിച്ച് അനില്‍ അംബാനി നേരത്തെ അറിഞ്ഞോ, അതുകൊണ്ടാണോ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചത്.