Connect with us

National

പ്രിയങ്കാ ഇഫക്ട്; യു പിയില്‍ കോണ്‍ഗ്രസിനെ വിളിച്ച് എസ് പിയും ബി എസ് പിയും

Published

|

Last Updated

ന്യൂഡല്‍ഹി: കിഴക്കന്‍ യു പിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്ന രാഹുലിന്റെ രാഷ്ട്രീയ തന്ത്രം ക്ലിക്കാകുന്നു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ലക്‌നോവില്‍ ഇന്നലെ കൂറ്റന്‍ റാലി നടന്നതിന് പിന്നാലെ എസ് പി- ബി എസ് പി സഖ്യം കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ സന്നദ്ധത അറിയിച്ചതായി വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രിയങ്ക സംസ്ഥാനത്ത് ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നാണത്രെ ഈ നീക്കം. എസ് പി, ബി എസ് പി വൃത്തങ്ങള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിക്കഴിഞ്ഞു.

പ്രിയങ്കയുടെ വരവ് യു പിയിലെ രാഷ്ട്രീയ സമാവാക്യം മാറ്റുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാന്‍ ഇരുപാര്‍ട്ടികളും നിര്‍ബന്ധിതമാകുന്നത്. ഇന്നലെ നടന്ന കോണ്‍ഗ്രസ് റാലിയില്‍ യുവാക്കളടക്കമുള്ള വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ് പി- ബി എസ് പി സഖ്യം രൂപവത്കരിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ഇതിന് മറുമരുന്നായാണ് പ്രിയങ്കയെ കളത്തിലറക്കി രാഹുല്‍ കരുനീക്കം നടത്തിയത്.
നിലവിലെ സാഹചര്യത്തില്‍ ബി എസ് പി- എസ് പി സഖ്യത്തില്‍ ചേരുന്നതിനോട് കോണ്‍ഗ്രസ് വിമുഖത കാണിക്കില്ലെന്നുറപ്പാണ്. അഖിലേഷ് യാദവിനോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു. അവര്‍ സമീപിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും രാഹുല്‍ പറഞ്ഞുവെച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് പിക്ക് അഞ്ച് സീറ്റായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് ഉപതിരഞ്ഞെടുപ്പുകള്‍ വഴി ഇത് ഏഴാക്കി ഉയര്‍ത്തി. കോണ്‍ഗ്രസും അപനാദളും രണ്ട് വീതം സീറ്റുകള്‍ കൈവശം വെക്കുന്നു. ബി ജെ പിക്ക് 71 സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റതോടെ ഇത് 68 ആയി കുറഞ്ഞു.
ബി എസ് പിക്ക് സീറ്റുകള്‍ ഒന്നും നേടാനായിരുന്നില്ല. അതേസമയം, ആര്‍ എല്‍ ഡി കൈരാനയിലെ ഉപതിരഞ്ഞെടുപ്പ് വഴി ഒരു സീറ്റ് സ്വന്തമാക്കിയിരുന്നു.

Latest