Connect with us

Kerala

യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി

Published

|

Last Updated

മസ്‌കത്ത്: യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്- കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 3.19ന് (ഇന്ത്യന്‍ സമയം 4.49) മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ് 350 വിമാനമാണ് തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വരികയും ചിലര്‍ക്ക് കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാരെ വിമാനത്താവളത്തിലെ മെഡിക്കല്‍ ഏരിയയിലേക്ക് മാറ്റി പരിശോധന നടത്തി അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിലെ മര്‍ദവ്യതിയാന സംവിധാനത്തിലെ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 12,000 അടി ഉയരത്തിലെത്തിയപ്പോഴാണ് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. തകരാര്‍ പരിഹരിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവം സിവില്‍ വ്യോമയാന ഡയറക്ടറേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ശ്യാം സുന്ദര്‍ പറഞ്ഞു.

Latest