Connect with us

Kerala

ശുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി സിബിഐ കുറ്റപത്രം

Published

|

Last Updated

കണ്ണൂര്‍: എംഎസ്ഫ് പ്രവര്‍ത്തകനായ അരിയില്‍ ശുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. ടിവി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടി വിവരമറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

302,120ബി വകുപ്പുകള്‍ പ്രകാരമാണ് ജയരാജനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2016ലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി ജയരാജനും ടി രാജേഷും സഞ്ചരിച്ച കാര്‍ ആക്രമിക്കപ്പെട്ടതിന് പിറകെയാണ് ശുക്കൂര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍വെച്ച് കൊലപാതകത്തിനായി ഗൂഢാലോചന നടന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയരാജന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ കുറ്റം ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.