റഫാല്‍: കുറ്റക്കാരന്‍ മോദി മാത്രമെന്ന് വീരപ്പ മൊയ്‌ലി

Posted on: February 11, 2019 1:32 pm | Last updated: February 11, 2019 at 1:32 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ആരെങ്കിലും കുറ്റക്കാരനാണെങ്കില്‍ അത് പ്രധാന മന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കോണ്‍ഗ്രസ് എം പി വീരപ്പ മൊയ്‌ലി. വിഷയം സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി) യെക്കൊണ്ട് അന്വേഷിപ്പിക്കാനോ ലോക്പാല്‍ നിയമത്തില്‍ ഒരു ഭേദഗതി പോലും കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്തതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്- ലോക്‌സഭയിലെ ചര്‍ച്ചാ വേളയില്‍ സംസാരിക്കവെ മൊയ്‌ലി പറഞ്ഞു.

താന്‍ വഞ്ചിക്കപ്പെട്ടുവെന്ന അന്ന ഹസാരെയുടെ പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ് (എച്ച് എ എല്‍) ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയായിരുന്നു. എന്നാല്‍, ഇപ്പോളതിനെ ജീവനക്കാര്‍ക്ക് വേതനം പോലും കൊടുക്കാന്‍ കഴിയാത്ത നിലയിലേക്ക് തകര്‍ത്തിരിക്കുകയാണ്. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ എച്ച് എ എല്‍ പോലുള്ള ഒരു പൊതു മേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ പാടില്ലായിരുന്നു.