ഇന്ത്യ ഹാജിമാരുടെ എണ്ണത്തിൽ പാക്കിസ്ഥാനെ മറികടക്കും: മന്ത്രി

Posted on: February 11, 2019 1:19 pm | Last updated: February 11, 2019 at 1:19 pm

കൊണ്ടോട്ടി: ഇന്ത്യയിൽ നിന്നുള്ള ഹാജി മാരുടെ എണ്ണം പാക്കിസ്ഥാനിലേതിനേക്കാൾ മുൻ കടക്കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍  അബ്ബാസ് നഖ്വി. മുംബൈ കേന്ദ്ര
ഹജ്ജ് കമ്മിറ്റി ഓഫീസിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് വളണ്ടിയർമാരായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം രാഷ്ട്രങ്ങളായ ഇന്തോനേഷ്യയിൽ നിന്ന് ഈ വർഷം രണ്ട് ലക്ഷം പേരും പാക്കിസ്ഥാനിൽ നിന്ന് 1,84,000 പേരുമാ
ണ് ഹജ്ജിന് പുറപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് 1,75,000 പേർക്ക് അനുമതിയായിട്ടുണ്ട്. ഈ വർഷം തന്നെ പാക്കിസ്ഥാനെ മറികടക്കാൻ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു.

മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായാണ് ഹജ്ജ് സീറ്റുകൾ അനുവദിക്കുന്നതെങ്കിലും ഇന്ത്യയിലെ അപേക്ഷകരുടെ എണ്ണം മുസ്ലിം രാഷ്ട്രങ്ങളേക്കാൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. മഹ്റമില്ലാതെ ഈ വർഷം ഇന്ത്യയിൽ നിന്ന്
2,340 സ്ത്രികൾ ഹജ്ജിന്‌ പുറപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് റിസർവിൽ ഉൾപ്പെട്ടവരുൾപ്പടെ 60 വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.