സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു

Posted on: February 11, 2019 1:05 pm | Last updated: February 11, 2019 at 2:10 pm

തിരുവനന്തപുരം: മൂന്നാറിലെ അനധിക്യത നിര്‍മാണത്തിനെതിരെ നടപടിയെടുത്ത സബ് കലക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടേയും വീഡിയോ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥയെ എംഎല്‍എ പൊതുഇടത്തില്‍ അപമാനിച്ചുവെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

അനധിക്യത നിര്‍മാണം തടഞ്ഞതിന് എസ് രാജേന്ദ്രന്‍ എംഎല്‍എ തന്നെ അവഹേളിച്ചതായി ചീഫ് സെക്രട്ടറി , റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ കലക്ടര്‍ എന്നിവര്‍ക്കെതിരെ സബ് കലക്ടര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ വനിതാ കമ്മീഷന്‍ എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സിപിഎം എംഎല്‍എയോട് വിശദികരണം തേടിയിരുന്നു. ഇതിന് പിറകെ മോശം പരാമര്‍ശത്തില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഖേദപ്രകടനം നടത്തുകയുമുണ്ടായി