മുംബൈ ഇരട്ട സ്‌ഫോടനം: വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതി മരിച്ചു

Posted on: February 11, 2019 12:41 pm | Last updated: February 11, 2019 at 1:37 pm

നാഗ്പൂര്‍: 2003ലെ മുംബൈ ഇരട്ട സ്‌ഫോടന കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മൂന്നു പ്രതികളിലൊരാളായ മുഹമ്മദ് ഹനീഫ് സഈദ് ആശുപത്രിയില്‍ മരിച്ചു. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന സഈദിന്റെ ആരോഗ്യനില ശനിയാഴ്ച വൈകീട്ടോടെ വഷളാവുകയായിരുന്നു.

തുടര്‍ന്ന് ഇവിടുത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഒന്നര മണിക്കൂറിനു ശേഷം മരണപ്പെടുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് റാനി ബോസ്‌ലെ അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് അവര്‍ പറഞ്ഞു. ഹൃദയാഘാതമാണ് മരണത്തിടയാക്കിയതെന്നാണ് പ്രാഥമിക വിവരമെന്നും സഈദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നും ബോസ്‌ലെ വ്യക്തമാക്കി.

സ്‌ഫോടന കേസില്‍ മുഖ്യ പ്രതിയായ സഈദിന്റെ വധശിക്ഷ 2012ലാണ് ബോംബെ ഹൈക്കോടതി ശരിവച്ചത്. ഇതേ തുടര്‍ന്ന് യേര്‍വാദ ജയിലില്‍ നിന്ന് ഇയാളെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കോസില്‍ സഈദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. 2003 ആഗസ്റ്റില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലുമുണ്ടായ സ്‌ഫോടനത്തില്‍ 54 പേരാണ് മരിച്ചത്. 244 പേര്‍ക്കു പരുക്കേറ്റു.