എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന് ഇന്ന് തുടക്കം

Posted on: February 11, 2019 12:29 pm | Last updated: February 11, 2019 at 12:58 pm

കോഴിക്കോട്: ‘ഇസ്‌ലാം: വിശ്വാസം, ദര്‍ശനം’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിന് ഇന്ന് തുടക്കമാകും. പൈതൃകത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിക വിശ്വാസവും, വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ദാര്‍ശനിക സൗന്ദര്യവും ഉയര്‍ത്തിക്കാട്ടുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്.

ക്യാമ്പയിന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആറായിരത്തോളം യൂനിറ്റ് കേന്ദ്രങ്ങളിലും 566 സര്‍ക്കിള്‍ കേന്ദ്രങ്ങളിലും പ്രവര്‍ത്തക ക്യാമ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. ഫെബ്രുവരി 15-ഏപ്രില്‍ 15 കാലയളവില്‍ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനവും ജില്ലാ കേന്ദ്രങ്ങളില്‍ ആദര്‍ശ മുഖാമുഖവും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍, പ്രാസ്ഥാനിക പ്രവര്‍ത്തകര്‍, കുടുംബിനികള്‍ എന്നിവരില്‍ ആദര്‍ശ, ചരിത്ര ബോധം സൃഷ്ടിക്കുന്നതിന് താജുല്‍ ഉലമ സ്മരണിക കേന്ദ്രീകരിച്ച് ബുക്ക് ടെസ്റ്റ് നടക്കും. യൂനിറ്റുകളില്‍ മാര്‍ച്ച് ഒന്ന്, സ്ഥാപനങ്ങളില്‍ ഫെബ്രുവരി 26, കുടുംബിനികള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 27, 28 തീയതികളിലാണ് ബുക്ക് ടെസ്റ്റ് നടക്കുക.

സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ നടക്കുന്ന ആദര്‍ശസമ്മേളനങ്ങള്‍ക്ക് ഇന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ തുടക്കമാകും. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി അലവി സഖാഫി കൊളത്തൂര്‍ പ്രഭാഷണം നടത്തും. കോഴിക്കോട് സമസ്ത സെന്ററിലെ യൂത്ത് സ്‌ക്വയറില്‍ നടന്ന സ്‌റ്റേറ്റ് ക്യാബിനറ്റില്‍ പദ്ധതിയുടെ അന്തിമ രൂപ രേഖക്ക് അംഗീകാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹാ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി എച്ച് റഹ്മത്തുല്ല സഖാഫി, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, എം അബൂബക്കര്‍ മാസ്റ്റര്‍, എന്‍ എം സ്വാദിഖ്് സഖാഫി, ആര്‍ പി ഹസൈന്‍ മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.