ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ;കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം

Posted on: February 11, 2019 12:18 pm | Last updated: February 11, 2019 at 2:02 pm

ന്യൂഡല്‍ഹി: കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാമെങ്കിലും നിയമസഭയില്‍ വോട്ടവകാശമുണ്ടാകില്ലെന്ന് സുപ്രീം കോടതി സ്‌റ്റേ ഉത്തരവില്‍ വ്യക്തമാക്കി. കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള ഇടത് സ്വതന്ത്ര എംഎല്‍എയാണ് കാരാട്ട് റസാഖ്. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരായ കെപി മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞിയും നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥി മുസ്്‌ലിം ലീഗിലെ എംഎ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു അധ്യക്ഷനായ ബെഞ്ച് നിരസിച്ചിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കേിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.