Connect with us

National

മോദി രാജ്യധര്‍മം പാലിക്കുന്നില്ല, ആവശ്യങ്ങള്‍ എങ്ങനെ നേടിയെടുക്കണമെന്ന് ഞങ്ങള്‍ക്കറിയാം: നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യധര്‍മം പാലിക്കുന്നില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രക്കു പ്രത്യേക പദവി നല്‍കുമെന്നു വാഗ്ദാനം ചെയ്തിരുന്ന മോദി ഇപ്പോഴതിനു താത്പര്യം കാണിക്കുന്നില്ല. സംസ്ഥാനത്തിന് അവകാശപ്പെട്ടത് നിഷേധിക്കുകയാണ്.

ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മം പാലിക്കപ്പെട്ടില്ലെന്ന് മുന്‍ പ്രധാന മന്ത്രി വാജ്‌പെയി പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് ആന്ധ്രയുടെ കാര്യത്തിലും സംഭവിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അത് എങ്ങിനെ നേടിയെടുക്കണമെന്ന് തങ്ങള്‍ക്കറിയാം. ഇത് ആന്ധ്രയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. ഞങ്ങളുടെ ആത്മാഭിമാനത്തിനെതിരെയുള്ള ഒരു ആക്രമണവും പൊറുക്കില്ല-നായിഡു പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനില്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വ്യക്തിപരമായ ആക്രമണത്തിനെതിരായ മുന്നറിയിപ്പ് കൂടിയാണ് തന്റെ സമരമെന്ന്അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടിന് ആരംഭിച്ച നിരാഹാര സമരം രാത്രി എട്ട് വരെ തുടരും.

2014ലെ ആന്ധ്രപ്രദേശ് പുനസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും പൊതു പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ആന്ധ്ര സന്ദര്‍ശിച്ച മോദി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് നായിഡു നല്‍കുന്നത്. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി എന്‍ ഡി എ മുന്നണി വിട്ടത്.

Latest