സീറ്റ് വിഭജനവും രാഷ്ട്രീയ സമവാക്യങ്ങളും

നിയമസഭയിലെ കക്ഷിബലം മാനദണ്ഡമാക്കിയെടുത്തിരുന്നെങ്കില്‍ 22 നിയമസഭാംഗങ്ങളുള്ള കോണ്‍ഗ്രസിന് 16 ലോക്‌സഭാ സീറ്റില്‍ മത്സരിക്കാമെങ്കില്‍ 18 സീറ്റുള്ള ലീഗ് കേവലം രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവരില്ലായിരുന്നു. ഇടതു മുന്നണിയുടെ സീറ്റ് വീതം വെപ്പ് മാനദണ്ഡമായെടുത്താല്‍ യു ഡി എഫില്‍ നിന്ന് നാല് സീറ്റെങ്കിലും ലീഗിന് ലഭിക്കണം. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ലീഗിന് കേന്ദ്ര മന്ത്രിസഭയില്‍ ഒരിടം ലഭിക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നു. അതു കൊണ്ട് കോണ്‍ഗ്രസിനെ മുഷിപ്പിച്ചോ മുന്നണി വിട്ടോ ഉള്ള ഒരു കളിക്ക് ലീഗ് തയ്യാറാകില്ല. എങ്കിലും ഒരു സീറ്റ് അധികം വേണമെന്ന ആവശ്യത്തിന്‍മേല്‍ മുന്നണിയില്‍ അവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കും. അണികളെ തൃപ്തിപ്പെടുത്താനെങ്കിലും ഈ സമ്മര്‍ദം അവര്‍ക്ക് ആവശ്യമാണ്.
Posted on: February 11, 2019 6:02 am | Last updated: February 10, 2019 at 11:53 pm

നിയമസഭയിലെ കക്ഷിനില അടിസ്ഥാനപ്പെടുത്തിയല്ല, ഇവിടെ പാര്‍ലിമെന്റ് സീറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീതം വെച്ചെടുക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയാണ് ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്. കാലോചിതമായി പരിഷ്‌കരിക്കാതെ മുമ്പെങ്ങോ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ കീഴ്‌വഴക്കമായി പിന്തുടരുന്നുവെന്ന് മാത്രം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പല പാര്‍ട്ടികളിലെയും അംഗബലം കൂടിയിട്ടും അതിനനുസൃതമായ സീറ്റുവിഭജനം നടക്കുന്നില്ല. നിയമസഭയിലെ കക്ഷിബലം പാര്‍ലിമെന്റ് സീറ്റുകളുടെ കാര്യത്തില്‍ മാനദണ്ഡമാക്കിയെടുത്തിരുന്നെങ്കില്‍ 22 നിയമസഭാംഗങ്ങളുള്ള കോണ്‍ഗ്രസിന് 16 ലോക്‌സഭാ സീറ്റില്‍ മത്സരിക്കാമെങ്കില്‍ 18 സീറ്റുള്ള ലീഗ് കേവലം രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വരില്ലായിരുന്നു. ഇടതു മുന്നണിയുടെ സീറ്റ് വീതം വെപ്പ് മാനദണ്ഡമായെടുത്താല്‍ യു ഡി എഫില്‍ നിന്ന് നാല് സീറ്റെങ്കിലും ലീഗിന് ലഭിക്കണം. 19 നിയമസഭാംഗങ്ങളുള്ള സി പി ഐക്ക് എല്‍ ഡി എഫ് നാല് സീറ്റ് നല്‍കുമ്പോള്‍ യു ഡി എഫ് കാലങ്ങളായി ലീഗിനു നല്‍കി വരുന്നത് ഒറ്റക്കായാലും ലീഗിന് ഒരു കൈ നോക്കാമെന്ന് തോന്നുന്ന രണ്ടേ രണ്ട് സീറ്റുകള്‍ മാത്രം!

ഇടതു മുന്നണിയിലെ പ്രബല കക്ഷിയായ സി പി എമ്മാണ് ആ മുന്നണിയുടെ ശക്തി സ്രോതസ്സ്. മേമ്പൊടിയായി മറ്റു ഘടകകക്ഷികള്‍ മുന്നണിയില്‍ ഉണ്ടെങ്കിലും സി പി എമ്മിന്റെ അരികുപറ്റി കഴിയുന്നതിലപ്പുറം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി അവയില്‍ പലതിനുമില്ല. എന്നാല്‍ യു ഡി എഫിന്റെ സ്ഥിതി ഇതല്ല. മുന്നണിക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണെങ്കിലും വടക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗും തെക്കന്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസുമില്ലാതെ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ ഈ പാര്‍ട്ടികളുടെ വോട്ട് വിഹിതം നിര്‍ണായകമാണ്. അത്യധ്വാനവും അതുപോലെ പ്രധാനമാണ്.
2014ലെ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15, മുസ്‌ലിം ലീഗ് 2, കേരള കോണ്‍ഗ്രസ്, ആര്‍ എസ് പി, ജനതാദള്‍ ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു സീറ്റ് പങ്കിട്ടെടുത്തിരുന്നത്. ഇതില്‍ വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എല്‍ ഡി എഫിന്റെ ഭാഗമായതോടെ അവര്‍ക്ക് നല്‍കിയിരുന്ന പാലക്കാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഈ വര്‍ഷം നടക്കുന്ന പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16, മുസ്‌ലിം ലീഗ് 2, കേരള കോണ്‍ഗ്രസ്, ആര്‍ എസ് പി, ഓരോന്ന് വീതം എന്നിങ്ങനെ സീറ്റ് വിഭജനം നടക്കാനാണ് സാധ്യത. ജനുവരി 17ന് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നെങ്കിലും സീറ്റ് വിഭജന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് യോഗ തീരുമാനം. ഇക്കുറി മുസ്‌ലിം ലീഗ് ഒരു സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് ലീഗ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും യോഗത്തില്‍ ഇക്കാര്യം അവര്‍ ഉന്നയിച്ചില്ല. ഉഭയകക്ഷി ചര്‍ച്ച നടക്കുമ്പോള്‍ അവകാശവാദം ഉയര്‍ന്നു വരുമെന്നാണ് ലീഗ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള കോണ്‍ഗ്രസ് മാണി വിഭാഗം തങ്ങള്‍ക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യോഗത്തില്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയുണ്ടായി. ഇടുക്കി, കോട്ടയം, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. മുമ്പ് മൂവാറ്റുപുഴ, മുകുന്ദപുരം സീറ്റുകള്‍ ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സീറ്റ് വേണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. ഇടുക്കി സീറ്റ് വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് പരിഗണിക്കാന്‍ സാധ്യതയില്ല. കേരള കോണ്‍ഗ്രസ് (എം) ഇടക്കാലത്ത് മുന്നണി വിട്ടതും പാര്‍ട്ടിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയില്‍ ഇടം നേടിയതും നേരത്തേ തങ്ങള്‍ക്കവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതും കോണ്‍ഗ്രസില്‍ അസംതൃപ്തിക്കിടം നല്‍കിയ പശ്ചാത്തലവും ലോക്‌സഭയിലേക്കുള്ള മാണിഗ്രൂപ്പിന്റെ പുതിയ അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയാകും. മാത്രവുമല്ല, രണ്ടാം സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫിനുള്ള കടുംപിടിത്തം മാണിക്കില്ലതാനും.
കേവലം നാല് സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കി 16 സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തോട് ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കേരള കോണ്‍ഗ്രസ് പിളര്‍ന്ന് പലതായി പിരിഞ്ഞതും ഇടതുമുന്നണി പ്രവേശം നേടിയ ഐ എന്‍ എല്‍ അടിത്തറ വിപുലപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ്, ലീഗ് ആവശ്യത്തെ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലെ കോണ്‍ഗ്രസ് അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഘടക കക്ഷികള്‍ വിലപേശല്‍ നടത്തുന്നത്. കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസ് വളര്‍ച്ചാ ഗ്രാഫ് ഉയരുന്നില്ല. കേരളത്തില്‍ സംഘ്പരിവാര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചുക്കൊണ്ടിരിക്കുന്നു. സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമടക്കം സംഘ്പരിവാറിലേക്ക് അണികളുടെ ചോര്‍ച്ചയുണ്ട്. കോണ്‍ഗ്രസ് അനുഭാവികളെയാണ് സംഘ്പരിവാര്‍ വന്‍ തോതില്‍ ലക്ഷ്യമിടുന്നത്. ഇതിന് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബങ്ങളിലെ പുതു തലമുറ വോട്ടുകള്‍ ഗണ്യമായ തോതില്‍ സംഘ്പരിവാര്‍ പക്ഷം ചേരുന്നുവെന്നത് കാണാതിരുന്നു കൂടാ. ഇത്തരമൊരു സാഹചര്യത്തില്‍ ഘടകകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചുള്ള സീറ്റ് വിഭജന ചര്‍ച്ചകളാണ് മുന്നണി യോഗ ത്തില്‍ ഉരുത്തിരിഞ്ഞു വരേണ്ടതെന്ന നിലപാടാണ് ഘടക കക്ഷികള്‍ക്ക്.

ഒരു ലോക്‌സഭാ സീറ്റു കൂടി വേണമെന്ന് ലീഗ് ഏറെക്കാലമായി യു ഡി എഫില്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്. ഒരു രാജ്യസഭാ സീറ്റ് നല്‍കി തത്കാലം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലിമെന്റില്‍ ലീഗിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. പിന്നാക്ക ദളിത് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ വൈമനസ്യം കാട്ടുമ്പോള്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കൂടുതലായി പാര്‍ലിമെന്റിലെത്തേണ്ടതുണ്ടെന്ന വികാരം ശക്തമാണ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള ബില്‍ മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയപ്പോള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് പേര്‍ മാത്രമായിരുന്നു. മുസ്‌ലിം ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവരായിരുന്നു അവര്‍. സാമുദായിക സംവരണം അട്ടിമറിച്ചുള്ള മോദി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തെ കോണ്‍ഗ്രസും സി പി എമ്മും പാര്‍ലിമെന്റില്‍ പിന്തുണച്ചപ്പോള്‍ കേരളത്തില്‍ നിന്ന് എതിര്‍ക്കാനുണ്ടായിരുന്നത് മലബാറില്‍ നിന്നുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളായിരുന്നുവെന്ന കാര്യം മേല്‍ വാദത്തിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മലബാറില്‍ അടിവേരുകളുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. തനിച്ച് മത്സരിച്ചാല്‍ പോലും വിജയിക്കാവുന്ന മണ്ഡലങ്ങള്‍ പാര്‍ട്ടിയുടെ തട്ടകങ്ങളായുണ്ട് എന്ന് വരെ അവകാശവാദമുന്നയിക്കുന്നവരാണ് പാര്‍ട്ടി നേതാക്കള്‍. ഈ സാഹചര്യത്തില്‍ ലീഗിനെ പിണക്കി ഒരിക്കലും കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല. ലീഗ് മുന്നണി വിട്ടു പോകുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. ലീഗ് – സി പി എം ചങ്ങാത്തം സാര്‍ഥകമായാല്‍ വടക്കന്‍ കേരളം ഒന്നടങ്കം അവര്‍ തൂത്തുവാരും. ഇതോടെ കോണ്‍ഗ്രസ് നില പരുങ്ങലിലാകും.

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റത്തിലും രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിലും അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ ഒരിടം ലഭിക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നു. അതു കൊണ്ട് കോണ്‍ഗ്രസിനെ മുഷിപ്പിച്ചോ മുന്നണി വിട്ടോ ഉള്ള ഒരു കളിക്ക് ലീഗ് തയ്യാറാകില്ല. എങ്കിലും ഒരു സീറ്റ് അധികം വേണമെന്ന ആവശ്യത്തിന്‍മേല്‍ മുന്നണിയില്‍ അവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കും. അണികളെ തൃപ്തിപ്പെടുത്താനെങ്കിലും ഈ സമ്മര്‍ദം അവര്‍ക്ക് ആവശ്യമാണ്. കഴിഞ്ഞ തവണ ദള്‍ മത്സരിച്ച പാലക്കാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമ്പോള്‍ പകരം ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യമായിരിക്കും അവര്‍ ഉന്നയിക്കുക. മുന്നണി നേതൃത്വം ഇതിനോട് അനുകൂലമായി പ്രതികരിച്ചാല്‍ വിജയ സാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ വയനാട് സീറ്റായിരിക്കും ലീഗ് ആവശ്യപ്പെടുക. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. പൊന്നാനി, മലപ്പുറം, വയനാട് മണ്ഡലങ്ങള്‍ അടുത്തടുത്തായി നിലകൊള്ളുന്നുവെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന കോണ്‍ഗ്രസ് എം പി എം ഐ ഷാനവാസിന്റെ വിയോഗത്തോടെ മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എം പിയെ തഴഞ്ഞ് മണ്ഡലം കൈയടക്കി എന്ന ആക്ഷേപം ഒഴിവാക്കാനുമാകും.

എന്നാല്‍, ഈ സീറ്റില്‍ കണ്ണുവെക്കുന്ന ധാരാളം നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. സാധ്യതാ പട്ടികയില്‍ മുന്‍ നിരയിലുള്ള ടി സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കൊപ്പം എം ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ് വരെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സീറ്റിനായി കോണ്‍ഗ്രസില്‍ നടക്കുന്ന ചരടുവലികള്‍ ലീഗിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അങ്ങനെയെങ്കില്‍ ലീഗിന് സ്വാധീനമുള്ള കാസര്‍കോട് മണ്ഡലം പാര്‍ട്ടി ആവശ്യപ്പെടും. അതും തരപ്പെട്ടില്ലെങ്കില്‍ വടകരയില്‍ ഒരു കൈ നോക്കാനാവും ലീഗ് ശ്രമം. കെ പി സി സി പ്രസിഡന്റായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കുറി മത്സരത്തിനില്ലെങ്കില്‍ വടകരയില്‍ നിന്ന് ജനവിധി തേടാനാകും ലീഗ് അവസാന വട്ട ശ്രമം നടത്തുക. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളെ ആശ്രയിച്ചിരിക്കും ഇത്. കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാവുകയും യു ഡി എഫ് ലീഗിന്റെ മൂന്നാമതൊരു സീറ്റെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്താല്‍ അത് ലീഗിന് നേട്ടമാകും. മറിച്ചെങ്കില്‍ മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താതെ അനുസരണയുള്ള ഘടകകക്ഷിയായി ലീഗ് യു ഡി എഫില്‍ തന്നെ തുടരും. അതാണ് പാര്‍ട്ടി പാരമ്പര്യം.
യുവജന വിഭാഗത്തിന്റെയും പോഷക സംഘടനകളുടെയും അണികളുടെയും സമ്മര്‍ദമാണ് കൂടുതല്‍ സീറ്റിനായുള്ള ഘടക കക്ഷികളുടെ മുറവിളിക്ക് നിദാനം. സങ്കീര്‍ണമായ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പരമാവധി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദേശം. ഇക്കാര്യം ഇതിനകം ഘടക കക്ഷികളെ അറിയിക്കുകയും ഇതവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അധിക സീറ്റെന്ന ഘടക കക്ഷികളുടെ ആവശ്യം തത്കാലം പരിഗണിക്കപ്പെടാനിടയില്ല.

സലീം പടനിലം