Connect with us

Editorial

പുതുമുഖങ്ങള്‍ കടന്നുവരട്ടെ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി യുവജന സംഘടനകള്‍ രംഗത്തുവന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് പല തവണ ലംഘിക്കപ്പെട്ടതായും ഇത്തവണയെങ്കിലും അത് പാലിക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ച് സീറ്റുകള്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കം നല്‍കണം. അനിവാര്യരല്ലാത്ത സിറ്റിംഗ് എം പിമാര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും ആവശ്യപ്പെട്ട ഡീന്‍ കുര്യാക്കോസ് പരസ്പരം വീതം വെച്ചു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥികളെ ഇറക്കുന്ന പ്രവണത അംഗീകരിക്കില്ലെന്നും ഇത്തവണ പറഞ്ഞ് പറ്റിക്കാന്‍ നോക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ രംഗത്തുവരാറുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി ജെ കുര്യന്‍ സീറ്റിന് വേണ്ടി പിടിമുറുക്കിയപ്പോള്‍ രാജ്യസഭ വൃദ്ധ സദനമാക്കരുത്, വൈദ്യശാസ്ത്രം തോല്‍ക്കാതെ കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് രക്ഷയില്ല തുടങ്ങി മുര്‍ച്ചയേറിയ വിമര്‍ശങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ കെ സി ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആര്‍ ശങ്കറിന് 65 വയസ്സുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ കടല്‍ക്കിഴവനെന്ന് വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്നും പല സീറ്റുകളും കൈയടക്കിക്കുന്നതെന്ന് എ കെ ആന്റണി ഉള്‍പ്പെടെയുള്ള വൃദ്ധനേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശവുമായി എറണാകുളം ജില്ലാ കെ എസ് യു ഭാരവാഹികള്‍ രംഗത്തുവന്നത് രണ്ട് ദിവസം മുമ്പാണ്. സീറ്റുകള്‍ ചിലര്‍ കൈയടക്കി വെച്ചിരിക്കുന്ന പ്രവണത കോണ്‍ഗ്രസില്‍ മാത്രമല്ല മറ്റു കക്ഷികളിലുമുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കളെയും വനിതകളെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ്, വനിതാലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. 2017 ഒക്‌ടോബറില്‍ ചരല്‍ക്കുന്നില്‍ നടന്ന എം എസ് എഫ് സംസ്ഥാന ക്യാമ്പ് ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ നടത്തിയത്. പാര്‍ലിമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ല. തല നരച്ച “യുവാക്കളാ”ണ് ലീഗിനെ പ്രതിനിധീകരിക്കുന്നത്. യൂത്ത് ലീഗിനെയും എം എസ് എഫിനെയും ബോണ്‍സായി മരങ്ങളായി നിര്‍ത്തുകയാണ് നേതൃത്വം. ഇത് പാര്‍ട്ടിയുടെ ഭാവി അപകടത്തിലാക്കുമെന്നും വൃദ്ധനേതാക്കള്‍ ഇനിയെങ്കിലും യുവാക്കള്‍ക്ക് വഴിമാറികൊടുക്കണമെന്നും എം എസ് എഫ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ ഒരു തവണ സീറ്റു ലഭിച്ചാല്‍ അത് വിട്ടു കൊടുക്കാന്‍ കടുത്ത വൈമനസ്യമാണ് മിക്ക പേര്‍ക്കും. നേതൃത്വത്തെ ഏത് വിധേനയും സ്വാധീനിച്ച് അത് കുത്തകയാക്കാന്‍ ശ്രമിക്കും. തുടര്‍ച്ചയായി 11 തവണ വരെ അംഗങ്ങളായവരുണ്ട് നമ്മുടെ നിയമസഭയില്‍. അഥവാ മത്സരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ മണ്ഡലം വിട്ടുകൊടുക്കാതെ മക്കളെയോ ഭാര്യയെയോ അടുത്ത ബന്ധുക്കളെയോ മത്സരിപ്പിക്കാന്‍ ശ്രമം നടത്തും. ഒരു പഠന പ്രകാരം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ഏതാണ്ട് 40 ശതമാനത്തോളം വരും. ഇതുമൂലം എല്ലാ അര്‍ഹതയുമുണ്ടായിട്ടും ഒരു തവണ പോലും നിയമസഭയിലേക്കോ പാര്‍ലിമന്റിലേക്കോ മത്സരിക്കാന്‍ കഴിയാതെ പിന്തള്ളപ്പെട്ടവര്‍ നിരവധിയാണ് നേതാക്കളില്‍.
പാര്‍ലിമെന്റും നിയമസഭയും ആരുടെയും കുത്തകയാക്കരുത്. രാജ്യത്ത് മതേതര ജനാധിപത്യം ശക്തിപ്പെടേണ്ട ഈ കാലഘട്ടത്തില്‍ ഹിന്ദുത്വ ഫാസിസത്തിനും വര്‍ഗിയതക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ശേഷിയും കരുത്തും ആര്‍ജവവുമുള്ള പുതുമുഖങ്ങള്‍ക്കായി പഴയ നേതൃത്വങ്ങള്‍ മാറിക്കൊടുക്കേണ്ടതുണ്ട്. 30ഉം 40ഉം വര്‍ഷങ്ങള്‍ സീറ്റുകള്‍ കൈയടക്കി വെച്ചവര്‍ മരണം വരെ ആ സ്ഥാനത്ത് തുടരണമെന്നും താനല്ലെങ്കില്‍ മക്കളെ കുടിയിരത്തണമെന്നും ശഠിക്കുന്നതും ശരിയല്ല. ഇക്കാര്യത്തില്‍ യുവസംഘടകള്‍ ഇനിയും സമ്മര്‍ദം ചെലുത്തേണ്ട ഒരു സാഹചര്യമുണ്ടാകരുത്. തഴക്കമുള്ളവര്‍ ചിലപ്പോള്‍ തദ്സ്ഥാനങ്ങളില്‍ തുടരേണ്ട അനിവാര്യ സാഹചര്യമുണ്ടായേക്കാം. പാര്‍ട്ടിക്കും രാജ്യത്തിനും ഗുണകരമാണെങ്കില്‍ അതനുവദിക്കണ്ടതുമാണ്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയോ, സഭാചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്യാതെ നോക്കുകുത്തികളെ പോലെ ഇരിക്കുന്നവര്‍ക്ക് പിന്നെയും സീറ്റ് നല്‍കിയതു കൊണ്ട് പാര്‍ട്ടിക്കും നാടിനുമെന്തു ഗുണം? പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മാത്രമല്ല നേതാക്കളുടെ ഈ അള്ളിപ്പിടിച്ചിരിക്കല്‍. സംഘടനാ തലത്തിലും ഇതു തന്നെയാണ് അവസ്ഥ. 2017 ഒക്‌ടോബറില്‍ പുതുക്കിയ 282 പേരടങ്ങുന്ന കെ പി സി സി ഭാരവാഹി പട്ടികയില്‍ ഇടം നേടിയത് പത്ത് പുതുമുഖങ്ങള്‍ മാത്രമായിരുന്നല്ലോ. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ വീണ്ടുവിചാരത്തിന് സന്നദ്ധമാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest