നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയടക്കം ആറ് പേര്‍ അറസ്റ്റില്‍

Posted on: February 10, 2019 10:40 pm | Last updated: February 11, 2019 at 11:00 am

കണ്ണൂര്‍: സമൂഹ്യമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ആറ് പേര്‍കൂടി അറസ്റ്റിലായി. മുഖ്യപ്രതി പുളിങ്ങോം സ്വദേശി റോബിന്‍ തോമസ്, പുലിക്കുരുമ്പ സ്വദേശികളായ സൂര്യലാല്‍, റോബിന്‍സ് തോമസ്, ജിപ്‌സണ്‍ പീറ്റര്‍, ബിജു, പരിയാരം സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനി ജൂബി ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്.

പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ അനൂപും ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ജുബിയും അടുത്തിടെയാണ് വിവാഹിതയായത്. ഇവരുടെ വിവാഹ പരസ്യത്തിലെ വിലാസവും ഫോട്ടോയും ചേര്‍ത്ത് ഇരുവര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയായിരുന്നു. ദമ്പതികളുടെ ഫോട്ടോയില്‍ റോബിന്‍ തോമസാണ് മോശമായി കമന്റിട്ട് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പോസ്റ്റ് ക്രിയേറ്റ് ചെയ്തത് താനല്ലെന്നും തനിക്ക് ലഭിച്ച പോസ്റ്റില്‍ അടിക്കുറിപ്പെഴുതുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ കണ്ടെത്താന് ശ്രമംനടത്തുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ പിടിയിലായിട്ടുണ്ട്. വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരും പോസ്റ്റ് ഷെയര്‍ ചെയ്തവരുമാണ് പിടിയിലായിരിക്കുന്നത്.