മിന്നിയത് മന്ദാന മാത്രം; മൂന്നും അടിയറവെച്ച് വനിതകള്‍

Posted on: February 10, 2019 5:46 pm | Last updated: February 10, 2019 at 5:46 pm

ഹാമില്‍ട്ടണ്‍: അവസാന പന്തില്‍ തോല്‍വിയെന്ന ശാപം മൂന്നാം ടി ട്വന്റിയിലും ഇന്ത്യന്‍ വനിതകളെ കൈവിട്ടില്ല. അവസാന മത്സരത്തില്‍ ഇന്ത്യയെ രണ്ടു റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരി (3-0).

ടോസിലും കീവീസിനായിരുന്നു വിജയം. ബാറ്റിംഗ് തിരഞ്ഞെടുത്ത അവര്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 161 റണ്‍സെടുത്തു. ആറു വിക്കറ്റുകളുടെ ശേഷിപ്പുണ്ടായിരുന്നിട്ടും നിശ്ചിത 20 ഓവറില്‍ 159ല്‍ എത്താനേ ഇന്ത്യക്കു സാധിച്ചുള്ളൂ.

കാസ്പറെക് ആണ് ആശ്വാസ വിജയമെന്ന ഇന്ത്യന്‍ മോഹത്തെ കാറ്റില്‍ പറത്തിയത്. കാസ്പറെക് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് 16 റണ്‍സ്. ആദ്യ പന്തില്‍ തന്നെ പന്ത് ബൗണ്ടറിയിലൂടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെപ്പിച്ചു. മൂന്നാം പന്തില്‍ ദീപ്തി ശര്‍മയും ബൗണ്ടറി പായിച്ചു. എന്നാല്‍ അവസാന മൂന്നു പന്തുകളില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ.

ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാന തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചത്. 62 പന്തുകള്‍ നേരിട്ട മന്ദാന 12 ബൗണ്ടറിയും ഒരു സിക്‌സും പറത്തി നേടിയത് വിലപ്പെട്ട 86 റണ്‍സാണ്. എന്നാല്‍ 16ാം ഓവറില്‍ മന്ദാന കളം വിട്ടത് കളിയിലെ വഴിത്തിരിവായി. ജമീമ റോഡ്രിഗ്‌സ് ആണ് മറ്റുള്ളവരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് (17ല്‍ 21).

ഓപ്പണര്‍ സോഫി ഡിവൈനാണ് കീവീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 52 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെട്ട 72 റണ്‍സാണ് സോഫിയുടെ ബാറ്റില്‍ നിന്ന് ഒഴുകിയത്. സൂസി ബേറ്റ്‌സ് (18ല്‍ 24), സാറ്റര്‍ത്‌വൈറ്റ് (23ല്‍ 31) എന്നിവരും നല്ല പ്രകടനം നടത്തി.