Connect with us

Ongoing News

കാര്‍ത്തിക്കും ക്രുനാലും പൊരുതി, സൗത്തി മതിലില്‍ തട്ടിത്തകര്‍ന്നു; കീവീസിന് വിജയം, പരമ്പര

Published

|

Last Updated

ഹാമില്‍ട്ടണ്‍: ക്രിക്കറ്റിന്റെ മൂന്നാമത്തെ ശാഖയിലും ന്യൂസിലന്‍ഡിനെ നിഷ്പ്രഭമാക്കി പരമ്പര കൈയടക്കാനുള്ള ഇന്ത്യന്‍ മോഹം പൂവണിഞ്ഞില്ല. മൂന്നാം ടി ട്വന്റിയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ അവസാന ഓവറുകളില്‍ ഇന്ത്യ തകര്‍ത്തടിച്ചെങ്കിലും അല്‍പം വൈകിപ്പോയിരുന്നു. ഒടുവില്‍ നാലു റണ്‍സിന്റെ വിജയവുമായി ആതിഥേയര്‍ 2-1ന് പരമ്പര കൊത്തിയെടുത്തു.

സിക്‌സും ഫോറുമുതിര്‍ത്ത് നിറഞ്ഞാടിയ ദിനേശ് കാര്‍ത്തിക്കും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവറില്‍ കൈവിട്ടുപോയി. അല്ലെങ്കില്‍ നിര്‍ണായക ഓവര്‍ എറിഞ്ഞ ടിം സൗത്തി ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു എന്നു പറയാം. അവസാന ആറു പന്തില്‍ 16 റണ്‍സാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്. എന്നാല്‍ സൗത്തി വഴങ്ങിയത് 11 റണ്‍സ് മാത്രം.

ന്യൂസിലന്‍ഡ് മുന്നില്‍വെച്ച 212 ലേക്കു ബാറ്റേന്തിയ ഇന്ത്യക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെടുന്ന ഓപ്പണര്‍ ശിഖര്‍ ധവാനിലൂടെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ സാന്റ്‌നര്‍ മിഷേലിന്റെ കൈകളിലെത്തിച്ചു. നാലില്‍ അഞ്ചു റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ വിജയ് ശങ്കറുമായി ചേര്‍ന്ന് നായകന്‍ രോഹിത് ശര്‍മ രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് പടുത്തുയര്‍ത്തി. 28ല്‍ 43 റണ്‍സുമായി തിളങ്ങിയ ശങ്കറിനെ സാന്റ്‌നര്‍ തന്നെ പുറത്താക്കി. ഋഷഭ് പന്തും പൊരുതിയെങ്കിലും (12ല്‍ 28) ടിക്‌നറിന്റെ പന്തില്‍ വില്യംസണിന്റെ കൈയിലൊതുങ്ങി. ഇതിനു പിന്നാലെ നായകനും കൂടാരം കയറി. 32ല്‍ 38 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. 11ല്‍ 21 എടുത്ത് ഹാര്‍ദിക് പാണ്ഡ്യയും നാലു പന്തില്‍ രണ്ടുമായി ധോണിയും മടങ്ങി.

ഏഴാം വിക്കറ്റിലാണ് ക്രുണാല്‍, കാര്‍ത്തിക് എന്നിവരിലൂടെ ഇന്ത്യ സംഹാര താണ്ഡവമാടിയത്. 16 പന്തില്‍ 33 റണ്‍സോടെ കാര്‍ത്തിക്കും 13 പന്തില്‍ 26 റണ്‍സുമായി ക്രുണാലും പുറത്താകാതെ നിന്നുവെങ്കിലും നാലു റണ്‍ അകലെ വെച്ച് ബാറ്റ് താഴ്‌ത്തേണ്ടി വന്നു. 63 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ നിന്നു പിറന്നത്. ആതിഥേയര്‍ക്കു വേണ്ടി സാന്റ്‌നറും മിഷേലും രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ സെയ്‌ഫേര്‍ട്ടിന്റെയും മണ്‍റോയുടെയും ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 7.4 ഓവറില്‍ അടിച്ചുകൂട്ടിയത് 80 റണ്‍സാണ്. സെയ്‌ഫേര്‍ട്ട് 25 പന്തില്‍ 43 നേടിയപ്പോള്‍ മണ്‍റോ 40ല്‍ 72 സ്വന്തം പേരിലാക്കി. കെയ്ന്‍ വില്യംസണ്‍ (21ല്‍ 27), ഗ്രാന്‍ഡ് ഹോം (16ല്‍ 30), മിഷേല്‍ (11ല്‍ 19), ടെയ്‌ലര്‍ (7ല്‍ 14) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

നാല് ഓവറില്‍ 26 റണ്‍സി വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തിയത്.

---- facebook comment plugin here -----

Latest