Connect with us

Prathivaram

മങ്ങില്ല, ഈ നിറങ്ങള്‍

Published

|

Last Updated

പരപ്പനങ്ങാടി ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസാണ് വേദി. ചിത്രകലാ അധ്യാപകനായ അത്തോളി നാരായണന്‍ മാഷ് ചിത്രം വരക്കാന്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ദേശം നല്‍കുന്നു. അതിലൊരു ചിത്രം കണ്ട് അധ്യാപകന്റെ കണ്ണുകള്‍ വിടര്‍ന്നു. അഭിനന്ദനവും പ്രോത്സാഹനവും ഉണ്ടായപ്പോള്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ എന്ന ആ കുട്ടി പല മിഴിവാര്‍ന്ന ചിത്രങ്ങളും വരച്ചു.

ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ തലങ്ങളില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അധ്യാപകര്‍ വീട്ടില്‍ വന്നാണ് സമ്മതം വാങ്ങിയത്. അബ്ദുല്‍ ഖാദിറിലുള്ള പ്രതിഭാത്വത്തില്‍ അധ്യാപകരുടെ മതിപ്പായിരുന്നു ആ സന്ദര്‍ശനത്തിന് പിന്നില്‍. സ്‌കൂളിന്റെ പ്രതീക്ഷ തെറ്റിയില്ല. ഉപജില്ലയില്‍ വാട്ടര്‍ കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍ എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. യൂനിവേഴ്‌സല്‍, ബാലരമ മത്സരങ്ങളിലും ഒന്നാം സ്ഥാനം. കേരളോത്സവങ്ങളിലും പങ്കെടുത്തു. പിന്നീട് ദര്‍സില്‍ പഠിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മദ്‌റസാധ്യാപകര്‍ക്ക് ചാര്‍ട്ടുകള്‍ വരച്ചും വിവിധ സംഘടനകള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ബാനറുകളും ചുമരെഴുത്തുമായുമെല്ലാം കഴിവ് അണയാതെ സൂക്ഷിച്ചു.

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയിലെ 1998 മുതല്‍ക്കുള്ള ഉപരിപഠന വേളകളിലും ബാനറുകള്‍ എഴുതിയിരുന്നു. ഫഌക്‌സുകളുടെ കാലം വന്നതോടെ തുണികളിലും ചാക്കുകളിലും എഴുതുന്ന സമ്പ്രദായം ഇല്ലാതാകുകയും പഠനാനന്തരം ദര്‍സീ രംഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ ചിത്രകലയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങി. പരപ്പനങ്ങാടി മുബാറക് നഗര്‍ നൂറുല്‍ ഹുദാ സുന്നി മദ്‌റസയിലെ പ്രധാനാധ്യാപകനും മസ്ജിദുന്നസ്വീഹ ഇമാമുമായി സേവനം ചെയ്യുന്നതിന്റെ ഇടവേളകളില്‍ പരപ്പനങ്ങാടിയിലെ സുഹൃത്തിന്റെ ബുക്സ്റ്റാളില്‍ ഇരിക്കുന്നതാണ് കലാരംഗത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ ഇടയാക്കിയത്. ബുക്സ്റ്റാളിലെ വിവിധ കളറിംഗ് വസ്തുക്കളുടെ പ്രത്യേകതകളും ഉപയോഗവും സംസാരിച്ചപ്പോള്‍ ഉടമക്ക് പോലും അറിയാത്ത കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് 43 കാരനായ യുവപണ്ഡിതനില്‍ ഒളിഞ്ഞിരിക്കുന്ന കലാരുചി സുഹൃത്ത് അറിയുന്നത്. ആയിടെയാണ് കടയിലേക്ക് ഗ്ലാസ് പെയിന്റിംഗ് ആവശ്യമായി വന്നത്. വരക്കാന്‍ പലരെയും അന്വേഷിച്ചു. ആരും തരപ്പെട്ടില്ല. ഒടുവിലത് സയ്യിദ് അബ്ദുല്‍ ഖാദിര്‍ സഖാഫി ഏറ്റെടുക്കുകയായിരുന്നു. വരച്ച ചിത്രം കണ്ടവരൊക്കെ ആശ്ചര്യപ്പെട്ടു.

പിന്നീട് ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ചിത്രങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ ഭാര്യക്ക് പോലും വിശ്വസിക്കാനായില്ല. നിങ്ങള്‍ വരച്ചതല്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍, തത്സമയം ഒരു ചിത്രം വരച്ച് അത്ഭുതപ്പെടുത്തി. ഇപ്പോള്‍ സുഹൃത്തുക്കളും മറ്റും ആവശ്യപ്പെടുന്നതിനനുസരിച്ച് വരച്ചു കൊടുക്കുന്നു. ചിത്രപ്രദര്‍ശനം നടത്തണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം. അറബി കാലിഗ്രാഫിയും പരീക്ഷിക്കുന്നുണ്ട്, പരപ്പനങ്ങാടി പനയത്തില്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ കാമില്‍ സഖാഫി.
.

---- facebook comment plugin here -----

Latest