ചിത്രസന്തെ എന്ന തെരുവുത്സവം

നിറങ്ങളുടെ ഉത്സവമാണ് ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ചിത്രസന്തെ. കുമാരകൃപ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ കലാകാരന്മാരുടെ ചിത്രങ്ങള്‍ അടങ്ങിയ 1500 സ്റ്റാളുകള്‍ സജ്ജീകരിച്ചത്. തിരക്കുപിടിച്ച ബെംഗളൂരു ജീവിതത്തിനിടയില്‍ വര്‍ഷത്തില്‍ ഒരു ദിവസം ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാനും അവസരം ലഭിക്കുന്നത് വ്യതിരിക്തമായ അനുഭൂതിയാണ് ഉണ്ടാക്കുന്നതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫീച്ചര്‍
Posted on: February 10, 2019 2:53 pm | Last updated: February 10, 2019 at 2:53 pm

വിറക് കത്തിയതിന് ശേഷമുള്ള ചാരം ഉപയോഗിച്ച് വരച്ച ചിത്രങ്ങളായിരുന്നു ബെല്‍ഗാവിയില്‍ നിന്നെത്തിയ മഞ്ജുനാഥിന്റെ സമ്മാനം. വെല്‍വറ്റ് തുണിയില്‍ അള്‍ട്രാവയലറ്റ് റേഡിയം പെയിന്റ് ഉപയോഗിച്ചുള്ള ചിത്രങ്ങളുമായാണ് ഊട്ടിയില്‍ നിന്ന് മോഷെ കെ സോളമനും സംഘവും എത്തിയത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ ഈ ചിത്രങ്ങളുടെ നിറവും മാറും. ബെനശങ്കരിയില്‍ നിന്നെത്തിയ നഞ്ചുണ്ട ഗൗഡയുടെ ശേഖരത്തിലെ ചകിരിയും തേങ്ങയും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. ബെംഗളൂരു കുമാരകൃപ റോഡില്‍ കര്‍ണാടക സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച ചിത്രസന്തെയാണ് ചിത്രകലാ മേഖലയിലെ അപൂര്‍വ പരീക്ഷണങ്ങള്‍ക്ക് വേദിയായത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ചിത്രകാരന്മാരും ശില്‍പ്പികളും എല്ലാ വര്‍ഷവും ഉദ്യാന നഗരിയില്‍ ഒത്തുകൂടും; വരകളുടെയും വര്‍ണങ്ങളുടെയും അത്ഭുത ലോകം ആസ്വാദക സമക്ഷം അനാവരണം ചെയ്യാന്‍. നൂറുകണക്കിനാളുകളാണ് ഇതിന് സാക്ഷിയാകാന്‍ ഉദ്യാനനഗരിയിലേക്ക് ഒഴുകിയെത്തുക. നിറങ്ങളുടെ ഉത്സവമാണ് ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ചിത്രസന്തെ.

. രണ്ടര കിലോമീറ്റര്‍ ദൂരം ചിത്രങ്ങള്‍ മാത്രം
ഈ വര്‍ഷത്തെ ചിത്രസന്തെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2400 കലാകാരന്മാരാണ് നൂതന സൃഷ്ടികളുമായി എത്തിയത്. ഓരോ ചിത്രവും ആഴത്തിലുള്ള ചിന്തകള്‍ക്ക് വഴിമരുന്നിട്ടു. അനുഭൂതിയുടെയും ആനന്ദത്തിന്റെയും പുതിയ ലോകം കാഴ്ചക്കാരില്‍ തുറന്നിട്ടു. കുമാരകൃപ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ കലാകാരന്മാരുടെ ചിത്രങ്ങള്‍ അടങ്ങിയ 1500 സ്റ്റാളുകള്‍ സജ്ജീകരിച്ചത്. ഗാന്ധിജിയുടെ 150 ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഗാന്ധിയന്‍ പവലിയനും ആസ്വാദകരെ ഹഠാദാകര്‍ഷിച്ചു. അക്രിലിക്, ഓയില്‍ കളര്‍, വാട്ടര്‍ കളര്‍, ചുമര്‍ചിത്രങ്ങള്‍, മണ്‍ ശില്‍പ്പങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവയുടെ പ്രദര്‍ശനവും റോഡിനിരുവശങ്ങളിലും ഒരുക്കി.

ചാരം കൊണ്ട് വരച്ച ഒരു ഡസനോളം ചിത്രങ്ങള്‍ മഞ്ജുനാഥ് പ്രദര്‍ശിപ്പിച്ചു. ചാര്‍ക്കോളിലും തേയിലക്കറയിലും ചിത്രങ്ങള്‍ ഒരുക്കിയ മഞ്ജുനാഥിന്റെ പുതിയ പരീക്ഷണമായിരുന്നു ഇത്. ഓയില്‍, അക്രിലിക്, വാട്ടര്‍കളര്‍, ചാര്‍ക്കോള്‍ എന്നിവയില്‍ ചിത്രങ്ങള്‍ വരച്ചവരെ വെല്ലാന്‍ ‘ചാര’ചിത്രങ്ങള്‍ക്കായി. ചെന്നൈയിലെ കലാകാരന്മാര്‍ ഒരുക്കിയ പെന്‍സില്‍ കൊണ്ട് നിര്‍മിച്ച അമിതാഭ് ബച്ചന്റെ ചിത്രവും ഉഡുപ്പിയിലെ ചിത്രകാരന്മാര്‍ വരച്ച ജീവന്‍ തുടിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളും കാണികളെ ആകര്‍ഷിച്ചു.

. മലയാളി സാന്നിധ്യം
ബ്രഷ് കടിച്ചുപിടിച്ച് വരക്കുന്നതിലൂടെ ശ്രദ്ധേയായ സുനിത തൃപ്പാനിക്കരയുടെ സാന്നിധ്യം ചിത്രസന്തെയെ വേറിട്ടതാക്കി. ചെറുപ്രായത്തില്‍ പോളിയോ വന്ന് കൈയും കാലും തളര്‍ന്ന സുനിത ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് കടിച്ചുപിടിച്ചാണ് ചിത്രം വരക്കുന്നത്. സുനിതയുടെ ചിത്രങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിന്നു. കൈകള്‍ ഉപയോഗിച്ച് വരക്കുന്നതു പോലെ വേഗത്തിലാണ് ചുണ്ടുകള്‍ കൊണ്ടുള്ള സുനിതയുടെ ആവിഷ്‌കാരവും. പ്രകൃതിയുടെയും മനുഷ്യന്റെയും വിവിധ മുഖങ്ങളാണ് കാന്‍വാസില്‍ പകര്‍ത്തിയത്.

വരകളുടെ ഉത്സവമായി അറിയപ്പെടുന്ന ചിത്രസന്തെയെ ബെംഗളൂരു മലയാളികളുമായി അടുപ്പിക്കുന്നത് മലയാളി ചിത്രകാരന്മാരുടെ സജീവ സാന്നിധ്യമാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് മലയാളികള്‍ ചിത്രസന്തെക്ക് ഓടിയെത്തുന്നത് വേറൊന്നും കൊണ്ടല്ല. കോലത്തുനാടിന്റെ അനുഷ്ഠാന കലകളിലൊന്നായ തെയ്യക്കോലങ്ങളുടെ നിറക്കാഴ്ചകളാണ് പയ്യന്നൂര്‍ സ്വദേശിയായ കെ പ്രകാശ് അവതരിപ്പിച്ചത്. ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട് വീടുകളിലും കെട്ടിയാടുന്ന വിവിധ തെയ്യക്കോലങ്ങളെ തനിമ ഒട്ടും ചോരാതെ കാന്‍വാസുകളില്‍ ആവിഷ്‌കരിക്കാന്‍ പ്രകാശിന് സാധിച്ചു. കഥകളി, യക്ഷഗാനം എന്നിവയും പ്രകാശ് നിറങ്ങളില്‍ ചാലിക്കുന്നു. പ്രകാശിന്റെ 18 ചിത്രങ്ങളാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുടക്കമില്ലാതെ ചിത്രസന്തെയില്‍ പങ്കെടുക്കുന്നുണ്ട്. ചിത്രരചനയില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും നിരവധി കഥകളി ചിത്രങ്ങളും ചുമര്‍ചിത്രങ്ങളും ഇദ്ദേഹത്തിന്റെ കരവിരുതില്‍ പിറവിയെടുത്തിട്ടുണ്ട്. കലാ സൃഷ്ടികള്‍ ആസ്വദിക്കാനും വാങ്ങാനും വര്‍ഷം തോറും നിരവധി പേരാണ് എത്തുന്നതെന്ന് ഈ കലാകാരന്‍ പറയുന്നു. പയ്യന്നൂരില്‍ സ്വര്‍ണാഭരണ രൂപകല്‍പ്പനയാണ് പ്രകാശിന്റെ തൊഴില്‍. ജോലിക്കിടെ കിട്ടുന്ന സമയമെല്ലാം ചിത്രരചനക്കായി ഉപയോഗപ്പെടുത്തുന്നു.

യെലഹങ്കയില്‍ താമസിക്കുന്ന ആലപ്പുഴയിലെ കെ ചന്ദ്രനാണ് ചിത്രസന്തെയിലെ മറ്റൊരു സ്ഥിരം സാന്നിധ്യം. പരിസ്ഥിതിക്ക് നേരെ മനുഷ്യന്‍ നടത്തുന്ന ഹിംസാത്മക ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ് ചന്ദ്രന്റെ ചിത്രങ്ങളില്‍ ഭൂരിഭാഗവും. പ്രകൃതിയുടെ സൗകുമാര്യം തിളങ്ങിനില്‍ക്കുന്ന കാഴ്ചകളും ഈ കലാകാരന്റെ കരവിരുതില്‍ പിറവിയെടുക്കുന്നു. ഈ ചിത്രങ്ങള്‍ കാണാന്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോട് ജ്വാല ചിത്രകലാ അക്കാദമിയിലെ കലാകാരന്മാരായ ബിജിഷ, സനല്‍കുമാര്‍, അതുല്യ, ഉദയകുമാര്‍ എന്നിവര്‍ ചുമര്‍ ചിത്രങ്ങളുമായാണ് എത്തിയത്. ചെറുതുരുത്തിയിലെ വേണുഗോപാല്‍, കോയമ്പത്തൂര്‍ മണി ആര്‍ട്‌സിലെ സതീഷ്‌കുമാര്‍, തൃശൂര്‍ എരുമപ്പെട്ടിയില്‍ ചിത്രകലാധ്യാപകനായ എന്‍ കെ സുധാകരന്‍, കോയമ്പത്തൂരിലെ മലയാളികളായ വി എ തോംസണ്‍, മണികണ്ഠന്‍, സുധീര്‍കുമാര്‍, ഹരിദാസ്, ഇരിങ്ങാലക്കുട രവിവര്‍മ റീ പ്രൊഡക്ഷന്‍ ആര്‍ട്‌സിലെ ബാബു എന്നിവരുള്‍പ്പെടെ മലയാളി ചിത്രകാരന്മാരുടെ നീണ്ടനിര തന്നെ ചിത്രസന്തെക്ക് വര്‍ണരാജി തീര്‍ത്തു.

. അറിയാം ചിത്രസന്തെയെ
രാജ്യത്തെ ചിത്രകലാകാരന്മാര്‍ ഒരുമിച്ച് ചിത്ര പ്രദര്‍ശനം നടത്തുന്ന പരിപാടിയാണിത്. ചിത്രകാരന്മാര്‍ക്ക് ഒരുമിച്ച് അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പൊതുവെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ചിത്രസന്തെക്ക് വര്‍ധിച്ച പ്രസക്തിയും പ്രാധാന്യവുമുണ്ട്. അതുകൊണ്ട് തന്നെ ചിത്രസന്തെയില്‍ എല്ലാ വര്‍ഷവും ചിത്രകാരന്മാര്‍ കൂട്ടത്തോടെ എത്തുകയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് രൂപയുടെ ചിത്രങ്ങളാണ് ഓരോ തവണയും വില്‍ക്കപ്പെടുന്നത്. അഞ്ചും ആറും ലക്ഷം രൂപ വരെയുള്ള ചിത്രങ്ങള്‍ വിറ്റുപോയവയിലുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് വില രേഖപ്പെടുത്തി വില്‍പ്പനക്ക് സജ്ജീകരിക്കുന്നു. വിലപേശി ഇവ സ്വന്തമാക്കാനുള്ള അവസരമാണ് ചിത്രസന്തെ ഒരുക്കുന്നത്. ഓരോ വര്‍ഷവും വിറ്റുപോകുന്ന ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കലാകാരന്മാര്‍ പറയുന്നു. രാജ്യാന്തര ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തവരും ചിത്രപ്രദര്‍ശന രംഗത്ത് പുതുതായി എത്തിയവരുമാണ് ചിത്രസന്തെയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും പ്രചാരത്തിലുള്ള വിവിധങ്ങളായ ചിത്രങ്ങളെ അടുത്ത് പരിചയപ്പെടാന്‍ എല്ലാ വര്‍ഷവും ഈ കലാമേള വഴിയൊരുക്കുന്നു.

തിരക്കുപിടിച്ച ബെംഗളൂരു ജീവിതത്തിനിടയില്‍ വര്‍ഷത്തില്‍ ഒരു ദിവസം അത്യാധുനിക രീതിയിലുള്ള ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാനും അവസരം ലഭിക്കുന്നത് വ്യതിരിക്തമായ അനുഭൂതിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിത്രകലാ പരിഷത്തിന്റെ പുതിയ കാമ്പസ് രാജരാജേശ്വരി നഗറില്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. വരുന്ന അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ കാമ്പസിലാണ് പ്രവേശനം നല്‍കുക. പുതിയ ഈവനിംഗ് കോഴ്‌സുകള്‍ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ്. ബി എല്‍ ശങ്കറാണ് കര്‍ണാടക ചിത്രകലാപരിഷത്തിന്റെ സാരഥി.
.