സ്വത്വം നഷ്ടമായാല്‍ യന്ത്രമാകും

കൊളോണിയല്‍ അധികാര ഘടനക്ക് മാനസികമായി അടിമപ്പെട്ടവരാണ് ഇന്ത്യയിലെ ബുദ്ധിജീവി വര്‍ഗമെല്ലാം. ഇംഗ്ലീഷ് ഭരണ കാലത്ത് പോലും മലയാള ഭാഷ മാധ്യമമാക്കിയാണ് പഠനം നടത്തിയത് എന്നത് നാം മറന്നുകൂടാ. കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്റെ സംഭാഷണത്തിന് ഒരു അനുബന്ധം...
മറുകുറി
Posted on: February 10, 2019 2:45 pm | Last updated: February 10, 2019 at 2:45 pm

മാതൃഭാഷ മറക്കുന്ന മലയാളി ഒരുതരത്തില്‍ ആത്മഹത്യാ പ്രവണതയാണ് പ്രകടിപ്പിക്കുന്നത്. മലയാളം നഷ്ടപ്പെട്ടാല്‍ മലയാളിയുടെ സ്വത്വം നഷ്ടമായി. നമ്മളെ നമ്മളാക്കുന്നത് മാതൃ ഭാഷയാണ്. ഉണ്മയുടെ ഇരിപ്പിടമാണ് മര്‍ത്യ ഭാഷ എന്ന തത്വം, ഒരു മുനുഷ്യന്റെ ഉണ്മയുടെ വീട് മാതൃ ഭാഷയാണ് എന്നാക്കണമെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ പക്ഷം.

മലയാളിയെന്ന മനുഷ്യനെ നിര്‍മിച്ചത് മലയാളമാണ്. അവന്റെ സാംസ്‌കാരിക സവിശേഷതകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, സര്‍ഗാത്മക കഴിവുകളെല്ലാം മാതൃഭാഷയിലാണ് പ്രകടിപ്പിക്കാറുള്ളത്. മലയാളത്തെ മറക്കുന്നതോടെ അവന്റെ നിര്‍മിതികളെ മുഴുവനും തകര്‍ക്കുന്ന സവിശേഷതയാണുള്ളത്. സ്വത്വത്തെ പണയപ്പെടുത്തുകയും തിരസ്‌കരിക്കുകയുമാണ് മാതൃഭാഷയെ അവജ്ഞയോടെ കാണുന്നതിലൂടെ. സംസ്‌കാരമാണ് നശിക്കുന്നത്. ഉണ്മ നഷ്ടമാകുന്നു. പരിതാപകരമായ അവസ്ഥയായിരിക്കും ഇത് സൃഷ്ടിക്കുക.

ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് മേധാവികള്‍ ഭരണം അവസാനിപ്പിച്ച് പോയെങ്കിലും സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്രം ഇപ്പോഴും ഇവിടെയുണ്ട്. കൊളോണിയല്‍ അധികാര ഘടനക്ക് മാനസികമായി അടിമപ്പെട്ടവരാണ് ഇന്ത്യയിലെ ബുദ്ധിജീവി വര്‍ഗമെല്ലാം. ഈ മാനസിക അടിമത്തം കൂടുതലുള്ളവര്‍ മലയാളികള്‍ക്കാണെന്ന് തോന്നും. ഇംഗ്ലീഷിനോടും പാശ്ചാത്യ സംസ്‌കൃതിയോടുമുള്ള ആഭിമുഖ്യം ഇപ്പോഴും നിലനില്‍ക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിലൂടെ മാത്രമേ വിമോചനം ഉണ്ടാവുകയുള്ളൂവെന്ന തെറ്റിദ്ധാരണ പൊതുമണ്ഡലത്തിലുണ്ട്. ഇംഗ്ലീഷ് ഭരണ കാലത്ത് പോലും മലയാള ഭാഷ മാധ്യമമാക്കിയാണ് പഠനം നടത്തിയത് എന്നത് നാം മറന്നുകൂടാ. മലയാളികള്‍ മത്സരിച്ചാണ് സി ബി എസ് ഇ സ്‌കൂളുകളെ ഏറ്റെടുത്തത്. ഇംഗ്ലീഷ് ഭാഷ ഒരു അഭിമാനമായി കണക്കാക്കി രക്ഷിതാക്കളെല്ലാം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് അയക്കാന്‍ മത്സരിച്ചു. ഇതിനാല്‍ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലടക്കം ഇംഗ്ലീഷ് മീഡിയം കൊണ്ടുവരേണ്ട സാഹചര്യമുണ്ടായി. ഇംഗ്ലീഷിനോടുള്ള അമിതമായ മമത മലയാളി മനസ്സിലുള്ള അടിമത്തമാണ് വ്യക്തമാകുന്നത്.

ശാസ്ത്ര പുരോഗതി നേടിയ രാജ്യങ്ങളെല്ലാം സ്വന്തം മാതൃഭാഷയിലാണ് അറിവ് പകരുന്നതും നേടുന്നതും. റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുള്ളവരെല്ലാം പി എച്ച് ഡി നേടുന്നതും നാനോ ടെക്‌നോളജി മുതല്‍ ശാസ്ത്ര വിഷയങ്ങളെല്ലാം പഠിക്കുന്നതും മാതൃഭാഷയിലാണ്. ലോക ഭാഷയായ ഇംഗ്ലീഷിലൂടെ മാത്രമേ ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ പറ്റുകയുള്ളൂവെന്ന തെറ്റിദ്ധാരണയുണ്ട്. ഈ പൊതുധാരണ സൃഷ്ടിച്ചത് സ്വകാര്യ വിദ്യാഭ്യാസ കച്ചവട ലോബിയാണ്.

ഐക്യ കേരള പ്രസ്ഥാനവും മലയാള ഐക്യ വേദിയുമെല്ലാം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. വിദേശത്ത് പോകുന്നവരില്‍ മലയാളം പഠിച്ചിട്ട് കാര്യമില്ലെന്ന തോന്നലുള്ളവരുണ്ട്. ഇംഗ്ലീഷ് കൊണ്ടേ കാര്യമുള്ളൂവെന്ന പ്രായോഗികവാദമാണ് അവര്‍ മുന്നോട്ടുവെക്കുക. മാതൃഭാഷയില്‍ ഏറ്റവും വ്യുല്‍പ്പത്തിയുണ്ടെങ്കില്‍ മാത്രമേ ഇംഗ്ലീഷിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാതൃഭാഷയെ തിരസ്‌കരിച്ച് മറ്റു ഭാഷകള്‍ പഠിച്ചിട്ട് കാര്യമില്ല. സ്വത്വം നഷ്ടമായാല്‍ അവന്‍ യന്ത്ര മനുഷ്യനാകും.
(തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമാണ്
കെ പി രാമനുണ്ണി)

തയ്യാറാക്കിയത്: കമറുദ്ദീന്‍ എളങ്കൂര്‍

.