ജഹനാര എന്ന സാമ്രാജ്യം

അതിഥി വായന
Posted on: February 10, 2019 2:39 pm | Last updated: February 10, 2019 at 2:39 pm

മുഗള്‍ രാജാവ് ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മൂത്ത പുത്രി. സാഹിത്യത്തിലും ചിത്രകലയിലും സമര്‍ഥയായിരുന്നു ജഹനാര. 17 ാം വയസ്സില്‍ മാതാവ് മരിച്ചതോടെ രാജകൊട്ടാരത്തില്‍ പ്രഥമ വനിതയായി അവരോധിതയായി. നയതന്ത്ര കാര്യങ്ങളില്‍ പിതാവ് ഷാജഹാന്റെ വലംകൈയായി. ‘ജഹനാര’ ഒരു ജീവിത കഥ മാത്രമല്ല, മറിച്ച് അതൊരു സാമ്രാജ്യത്തെത്തന്നെ പുനരുദ്ധാരണം ചെയ്യുകയാണ്. ഭാരതത്തിന്റെ സാംസ്‌കാരിക സാമൂഹിക വാസ്തുശില്‍പ്പ മേഖലകളില്‍ ശ്ലാഘനീയ നേട്ടം കൈവരിച്ച മുഗള്‍ രാജവംശത്തിന്റെ നീണ്ട മൂന്ന് നൂറ്റാണ്ടുകളെ അനുഭവത്തിലൂടെയും സ്വന്തം വീക്ഷണകോണിലൂടെയും സ്പഷ്ടമായി ആവിഷ്‌കരിക്കുകയാണിവിടെ.

താജ്മഹല്‍, ഫത്‌ഹേപൂര്‍ സിക്രി, ഡല്‍ഹി ജുമാ മസ്ജിദ് തുടങ്ങി ഭാരതത്തിന്റെ പ്രൗഢ ഗംഭീരമായ നിര്‍മിതികളുടെ പിന്നാമ്പുറങ്ങളിലേക്ക് കൂടി ഇറങ്ങിച്ചെല്ലുകയാണ് ജഹനാര. കൂടാതെ പടയോട്ടത്തിന്റെയും അധികാര വടംവലികളുടെയും വീരഗാഥകള്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തെ മുഖരിതമാക്കുന്നു. മുഗള്‍ രാജവംശത്തിന്റെ തലമുതിര്‍ന്ന സുല്‍ത്താന്‍ അക്ബറിന്റെ മതപരിഷ്‌കരണം മൂലം വൈവാഹിക ജീവിതത്തിന്റെ വാതിലുകള്‍ മുഗള്‍ രാജകുമാരികള്‍ക്ക് മേല്‍ കൊട്ടിയടച്ചപ്പോള്‍ അവരുടെ വൈകാരികതലങ്ങളെ സ്വന്തം ജീവിതത്തില്‍ നിന്നു തന്നെ മനനപ്പെടുത്തിയെടുക്കുകയാണ് ജഹനാര. ബുന്ദി രാജകുമാരന്‍ ലുഥേര്‍ ഛത്രസാലുമായുള്ള പ്രണയം മന്ദമാരുതന്‍ പോലെ ആത്മകഥയെ തഴുകിക്കടന്നു പോകുന്നു.

അവസാനം പിതാവായ ഷാജഹാനുമൊന്നിച്ച് 18 വര്‍ഷക്കാലം ആഗ്രാ കോട്ടയില്‍ തടവുപുള്ളിയായി കഴിയേണ്ടിവന്ന ജഹനാര ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ മുഗള്‍ രാജവംശത്തിന്റെ ക്ഷേമത്തെയും ക്ഷാമത്തെയും തന്റെ തൂലിക കൊണ്ട് പുനരുദ്ധാരണം ചെയ്യുകയാണ്. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇതിന്റെ കൈയെഴുത്തുപ്രതി ആഗ്രാ കോട്ടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ദ്രവിച്ച് തുടങ്ങിയിരുന്ന താളുകളെ ക്രമാനുസൃതം ഒന്നിച്ചു ചേര്‍ത്ത് ആദ്യമായി പ്രസിദ്ധീകരിച്ചത് ഫ്രഞ്ച് ഗവേഷക ആന്‍ഡ്രിയ ബുട്ടെന്‍സനാണ്. ശേഷം ഇത് പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. എം എന്‍ സത്യാര്‍ഥിയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
.