Connect with us

Cover Story

വായിച്ചുവായിച്ച്... വേദനമറന്ന്...

Published

|

Last Updated

“തളരാത്ത മനസ്സിന്റെ താളം
തളരാത്ത വാക്കിന്റെ താളം
പകലിരവും തുളി വരും കാറ്റിലീശ്വരന്‍
പറയുന്നു
നീയുമിന്നിഷ്ടരില്‍ മുമ്പിലാം
ഒരു പൂ വിരിയുമ്പോള്‍ നീ ചിരിച്ചീടുക
ഒരു കാറ്റു വീശുമ്പോള്‍ നീ കനിഞ്ഞീടുക”
(കവി ഡി വിനയചന്ദ്രന്‍ സതിക്ക് അയച്ച
കത്തില്‍ നിന്ന്)

വിശേഷണങ്ങളൊരുപാടുള്ളൊരു വ്യക്തിത്വം. ശാരീരിക അവശതകള്‍ വെല്ലുവിളിയായി ജീവിതവഴിയില്‍ നേര്‍ക്കുനേര്‍ വന്ന് പല്ലിളിച്ചപ്പോള്‍ നിരാശയുടെ ആഴച്ചുഴിയിലേക്ക് വീണുപോകാതെ കൂടെ നിന്നവര്‍ക്കു പോലും ആവേശവും കരുത്തും പകര്‍ന്ന് മുന്നേറിയവള്‍. വായനയെ ജീവിതത്തിലെ ഊര്‍ജോത്പാദനത്തിനുള്ള ഇന്ധനമാക്കിയവള്‍. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഒന്നു നേരെ നില്‍ക്കാന്‍ പോലുമാകാത്ത ഒരു വനിതയെ കുറിച്ചാണ് പറഞ്ഞുവരുന്നത്…

. പുസ്തകച്ചിറകുകള്‍ വീശി
ഇതിനകം 2800 ല്‍പ്പരം പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുക മാത്രമല്ല, അതിനൊക്കെ ലഘുവിവരണ കുറിപ്പുകളെഴുതിയ വായനക്കാരി… കരിവെള്ളൂര്‍ കൊടക്കാട് പൊള്ളപൊയിലിലെ എം വി സതിയെന്ന വലിയ വായനക്കാരിയുടെ ചെറിയ ജീവിത കഥയാണിത്. ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത സതിയെ കഴിഞ്ഞ 41 വര്‍ഷമായി കൈപിടിച്ചു നടത്തുന്നത് പുസ്തകങ്ങളാണ്. അവളുടെ ജീവിതം മലയാള പാഠപുസ്തകത്തിലെ ഒരു അധ്യായമായിരുന്നു. സതി ശരീരം തളര്‍ന്ന് ഒരേ കിടപ്പല്ല. പാറിപ്പറക്കുകയാണ്, നമ്മുടെ ലോകത്തിനും മനസ്സിനും മീതെ. വിധി തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ കരഞ്ഞു തീര്‍ക്കാതെ വായനയെ, പുസ്തകങ്ങളെ ചിറകുകളാക്കി പറന്നു കൊണ്ട് ജീവിതം ഒരു പാഠപുസ്തകം പോലെ നമുക്ക് മുന്നില്‍ തുറന്നിടുകയാണ് അക്ഷരങ്ങളുടെ ഈ കൂട്ടുകാരി.

വീല്‍ചെയറില്‍ ഇരുന്ന് സതി എത്ര വേണമെങ്കിലും സംസാരിക്കും; വായിച്ച പുസ്തകങ്ങളെ പറ്റി… കഥാപാത്രങ്ങളെ പറ്റി.. എഴുത്തുകാര്‍ തനിക്ക് അയച്ച കത്തുകളെ കുറിച്ച് പറയുമ്പോള്‍ സതിയുടെ നാവ് നൂറാകും. എം ടി വാസുദേവന്‍ നായര്‍ മുതല്‍ പുതുതലമുറ എഴുത്തുകാര്‍ വരെ സതിയുടെ എഴുത്ത് പരിചയത്തില്‍ ഉണ്ട്. 2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസ് കേരള പാഠാവലിയിലാണ് സതി പാഠ്യവിഷയമായിരുന്നത്. “വായിച്ചുവായിച്ച്… വേദന മറന്ന്” എന്ന തലക്കെട്ടോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ സതിയെ പഠിച്ചു. അവളെ പഠിച്ച കൊച്ചുകുട്ടികളും അധ്യാപകരും സതിക്ക് കത്തുകളെഴുതി. തിരിച്ചുമെഴുതി. പ്രശസ്തരായ സാഹിത്യകാരന്മാരുടെ കത്തുകള്‍ക്കൊപ്പം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ കത്തുകളും സതി ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്, അമൂല്യ നിധി കണക്കെ. ഇതൊക്കെ തന്നെയാണ് സതിയെ ഒരു പാഠപുസ്തകമാക്കുന്നത്.

. പിച്ചവെച്ച കുഞ്ഞിക്കാലുകളിലെ ഇടര്‍ച്ച
സതി ജന്മനാ കൂടെ കൂട്ടിയതാണ് തന്റെ അസുഖത്തെ. നടന്നു തുടങ്ങിയപ്പോള്‍ ഇടയ്ക്ക് ഇടറി വീഴുന്നതായിരുന്നു തുടക്കം. കവിയും നാടന്‍ കലാ ഗവേഷകനും അധ്യാപകനുമായ അച്ഛന്‍ സിവിക് കൊടക്കാട് മകളെയുമെടുത്ത് കയറിയിറങ്ങാത്ത ആശുപത്രികളില്ല. മണിപ്പാല്‍, മംഗലാപുരം ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും തളര്‍ന്നു പോയ അവളുടെ ശരീരത്തെ തിരികെ കൊണ്ടുവരാന്‍ സാധിച്ചില്ല. “സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 2” എന്ന രോഗമാണ് സതിയെ കുഞ്ഞിളംപ്രായത്തിലേ കീഴടക്കിയത്. ശരീരം തളര്‍ന്നു പോയെങ്കിലും മനസ്സ് തളരാന്‍ സതി കൂട്ടാക്കിയില്ല. മരുന്ന് നിര്‍ത്തി. പിന്നെ പുസ്തകങ്ങളായിരുന്നു മരുന്ന്. അച്ഛന്‍ പഠിപ്പിച്ച പൊള്ളപൊയില്‍ എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ മാത്രമെ സതി പഠിച്ചിട്ടുള്ളൂ. യു പി സ്‌കൂളില്‍ പഠിക്കണമെങ്കില്‍ കുറെ ദൂരം യാത്ര ചെയ്യണം. അതോടെ പഠിപ്പ് നിര്‍ത്തി. പിന്നെ പുസ്തകങ്ങളായിരുന്നു സതിക്ക് കൂട്ട്. പുസ്തകങ്ങളെ ചിറകുകളാക്കി അവള്‍ പറന്നു തുടങ്ങി. കുട്ടിക്കഥകളിലായിരുന്നു തുടക്കം. പിന്നെ തകഴി, എം ടി തുടങ്ങിയ മഹാരഥന്മാരുടെ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി. യാത്രാവിവരണ പുസ്തകങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു അവള്‍ക്ക്. എഴുത്തുകാര്‍ക്കൊപ്പം കൂടി അക്ഷരങ്ങളെ കൂട്ടുപിടിച്ച് സതിയും താണ്ടി ഭാവനയിലൂടെ ഒരുപാട് ദൂരം… ഭിന്നശേഷിക്കാരുടെ പങ്കാളിത്തം സമൂഹത്തിന്റെ സര്‍വ മേഖലകളിലും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കാസര്‍കോട് ജില്ലയിലെ അംബാസിഡറാണിന്ന് സതി.

സതിയുടെ വീടായ പൊള്ളപൊയിലിലെ സി വി സദനത്തില്‍ നിന്നും നോക്കിയാല്‍ കാണുന്നത്ര അടുത്താണ് ബാലകൈരളി ഗ്രന്ഥാലയം. ഈ ഗ്രന്ഥാലയമാണ് സതിയുടെ തളരാത്ത മനസ്സിന് ഊര്‍ജം പകര്‍ന്നു അവളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിച്ചത്. അച്ഛനായിരുന്നു ആദ്യ കാലത്ത് പുസതകങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. വെള്ളിയാഴ്ചകളില്‍ പുസ്തകങ്ങള്‍ മാറ്റി വാങ്ങും. ഗ്രന്ഥാലയത്തില്‍ ഇപ്പോള്‍ മൊബൈല്‍ ലൈബ്രറി ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും മൊബൈല്‍ ലൈബ്രറി വീട്ടുപടിക്കലെത്തും. രണ്ട് പുസ്തകങ്ങളാണ് ഒരാള്‍ക്ക് എടുക്കാന്‍ സാധിക്കുക. അമ്മ പാട്ടിയുടെ പേരിലും സതി പുസ്തകങ്ങള്‍ എടുക്കും. വെറും പുസ്തക വായന അല്ല എന്നതാണ് സതിയെ വ്യത്യസ്തയാക്കുന്നത്. ഒരോ പുസ്തകം വായിക്കുമ്പോഴും കുറിപ്പുകളെഴുതും. കഥാപാത്രങ്ങളും സംഭവങ്ങളുടെ പ്രാധാന്യവും മനസ്സിലും നോട്ടുപുസ്തകത്തിലും കുറിച്ചിടും. പുസ്തകത്തിലെ എഴുത്തുകാരന്റെ വിലാസത്തില്‍ സംശയങ്ങള്‍ കുറിച്ചിട്ട കുറിപ്പെഴുതും. എഴുത്തുകാരന്റെ മറുപടി കിട്ടിയാല്‍ അത് പ്രത്യേക നോട്ടുബുക്കില്‍ ഒട്ടിച്ചുവെക്കും. അടുത്ത പേജില്‍ എഴുത്തുകാരന്റെ ചിത്രം പതിച്ച് ലഘുപരിചയവും അദ്ദേഹത്തിന്റെ വായിച്ച മറ്റ് പുസ്തകങ്ങളുടെ പട്ടികയും എഴുതും.

. അമൂല്യ നിധികള്‍ ആ കത്തുകള്‍
മഹാരഥന്മാരായ സാഹിത്യകാരന്മാരുടെ കത്തുകള്‍ അമൂല്യ നിധിപോലെ ബൈന്‍ഡ് ചെയ്ത വലിയൊരു പുസ്തകത്തില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ബി ശ്രീദേവി, സുമംഗല, എന്‍ പി മുഹമ്മദ്, ചെമ്മനം ചാക്കോ, സി രാധാകൃഷ്ണന്‍, പി വത്സല, സാറാ ജോസഫ്, അക്ബര്‍ കക്കട്ടില്‍ തുടങ്ങി 400 ഓളം സാഹിത്യകാരന്മാര്‍ അയച്ച കത്തുകള്‍ സതിയുടെ ശേഖരത്തിലുണ്ട്. പുറമെ, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കുട്ടികളും അധ്യാപകരും അമ്മമാരും അയച്ച എഴുത്തുകളും തന്റെ കത്തു ലൈബ്രറിയിലുണ്ട്. ഓരോ ജില്ലയിലെയും കത്തുകള്‍ വേര്‍തിരിച്ച് വര്‍ണക്കടലാസില്‍ ബൈന്‍ഡ് ചെയ്ത് അടുക്കി വെച്ചിട്ടുണ്ട്.

. വായനയോടൊപ്പം എഴുത്തും
വായിച്ചുവായിച്ച് സതിയുടെ ഉള്ളിലെ എഴുത്തുകാരിയും ഉണര്‍ന്നു. “ഗുളിക വരച്ച ചിത്രങ്ങള്‍” എന്ന പേരില്‍ 14 കഥകളുടെ സമാഹാരം പുറത്തിറക്കി. സതിയുടെ കഥയറിഞ്ഞ മലപ്പുറത്തെ പി ടി ശുക്കൂറാണ് കഥാസമാഹാരം പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത്. നിരവധി പ്രസിദ്ധീകരണങ്ങളിലും കണ്ണൂര്‍ ആകാശവാണിയിലും സതിയുടെ കഥകളും കവിതകളും വന്നു. കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാന സി ഡിയില്‍ പാട്ടെഴുതി. പാടിയത് കെ എസ് ചിത്രയായിരുന്നു. ടി വി കാണല്‍ അപൂര്‍വമാണ്. എന്നാല്‍, നവ മാധ്യമങ്ങളില്‍ സജീവമാണ്. ഫേസ്ബുക്കില്‍ കവിതകള്‍ എഴുതാറുണ്ട്. പയ്യന്നൂര്‍ ആസ്ഥാനമായ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ “ഫ്‌ളൈ”യില്‍ പത്ത് വര്‍ഷമായി സതി അംഗമാണ്. അവരുടെ ക്യാമ്പുകളിലും പങ്കെടുക്കാറുണ്ട്. പയ്യന്നൂരിലെ മലയാള ഭാഷാ പാഠശാലയുടെ അകമഴിഞ്ഞ പ്രോത്സാഹനവും ലഭിക്കാറുണ്ടെന്ന് സതി പറഞ്ഞു. സതിയെ മലയാള ഭാഷ പാഠശാല ആദരിച്ചിട്ടുണ്ട്. ജീവിത കഥ പാഠപുസ്തകമായി വന്നതില്‍ പിന്നെ പല സ്‌കൂളുകളും സതിയെ ക്ഷണിക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ കോഴിക്കോട്ടുള്ള ശോഭ, പാലക്കാട്ടുള്ള രാഘവന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് വീല്‍ചെയര്‍ സമ്മാനിച്ചത് ഏറെ ആശ്വാസമായി.

“ശരീരത്തിന്റെ വൈകല്യമല്ല, മനസ്സിന്റെ വൈകല്യമാണ് അസഹനീയം. സ്റ്റീഫന്‍ ഹോക്കിംഗിന് വര്‍ഷങ്ങളായി ആകപ്പാടെ പ്രവര്‍ത്തനക്ഷമമായി ഉള്ള അവയവങ്ങള്‍ തലച്ചോറും രണ്ട് വിരലുകളും മാത്രമാണ്. “ഒറ്റയടിപ്പാതകളി”ലെ കഥാപാത്രവും സതിയുമായുള്ള അന്തരം ഇപ്പോള്‍ മനസ്സിലായി. ശരീരത്തിന്റെ വൈകല്യമല്ല മനസ്സിന്റെ വൈകല്യം. അത് അസഹനീയം. അതുള്ളവര്‍പോലും പക്ഷേ, ഈ പ്രകൃതിയുടെ ഭാഗങ്ങളുമാണ്. അവരുടെ ജന്മംകൊണ്ട് ഉണ്ടാവും എന്തെങ്കിലും പ്രയോജനം. ആ പ്രയോജനം കണ്ടെത്തി സാക്ഷാത്കരിക്കുന്നതിനാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്.
കരയാന്‍ ആര്‍ക്കാണ് കഴിയാത്തത്. ചിരിക്കാന്‍ അത്ര എളുപ്പമല്ല. ചിരിക്കാന്‍ കഴിഞ്ഞാല്‍ രക്ഷയായി.”
(സി രാധാകൃഷ്ണന്‍ സതിക്ക് അയച്ച
കത്തില്‍ നിന്ന്)
.