Connect with us

Kozhikode

'എന്നോട് അവര്‍ ആക്രോശിച്ചു; ശേഷം പരിഹസിച്ച് പുറംതള്ളി'- ഉമര്‍ സുല്ലമി

Published

|

Last Updated

കോഴിക്കോട്: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് കെ എന്‍ എം മര്‍കസുദഅവ നവോത്ഥാന സമ്മേളനം. പരിപാടിയോടനുബന്ധിച്ച് നടന്ന ആദര്‍ശ ഐക്യ സമ്മേളനത്തില്‍ ജിന്നും കണ്ണേറും കൂടോത്രവുമടക്കമുള്ള വിഷയങ്ങള്‍ സി പി ഉമര്‍ സുല്ലമിയടക്കമുള്ള നേതാക്കള്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ പടവാളാക്കി. ഖുര്‍ആനിനെ പരിഹസിക്കുന്ന രീതി അവലംബിച്ചതാണ് ഇസ്ലാഹി പ്രസ്ഥനങ്ങളുടെ ഭിന്നിപ്പിന് കാരണമായതെന്ന് പറഞ്ഞ സുല്ലമി ഔദ്യോഗിക വിഭാഗം ഖുര്‍ആനിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.

മദ്ഹബിനും ത്വരീഖത്തിനും എതിരെയാണ് ഐക്യസംഘവും മുജാഹിദും രൂപം കൊണ്ടത്. എന്നാല്‍, പില്‍ക്കാലത്ത് അതെല്ലാം  നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഐക്യം വേണമെന്നാവശ്യമുയര്‍ന്നപ്പോഴാണ് വീണ്ടും ഐക്യപ്പെട്ടത്. എന്നാല്‍, അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിച്ചതിനാണ് എന്നെ പുറത്താക്കിയത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്ന ഒരു വേദിയില്‍വെച്ച് ഞാന്‍ ജിന്നിനെതിരെ സംസാരിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരനായ
നേതാവ്‌ എന്നോട് ആക്രോശിച്ചു. ശേഷം പുറത്താക്കി. പത്രത്തിലൂടെയാണ് ഞാന്‍ പുറത്താക്കിയതറിഞ്ഞത്. എന്നോട് അന്വേഷിക്കുക പോലും ചെയ്തില്ല. അവരുടെ അഭിപ്രായം സര്‍ക്കുലറായി പുറത്തിറക്കി- ഉമര്‍ സുല്ലമി പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് പ്രസംഗിച്ച മര്‍കസുദഅവ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും മറ്റൊരു നേതാവ് എഅബ്ദുല്‍ ഹമീദ് മദീനിയും ഔദ്യോഗിക വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണഴിച്ചുവിട്ടത്.

മുസ്ലിം സ്ത്രീകളുടെ മുഖം മറക്കുന്നതിന് ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇസ്ലാമിനെയും മുസ്ലിംകളെയും അപഹസിക്കുന്ന മുഖമറക്കെതിരെ ശക്തമായി നീങ്ങുമെന്നും ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും സകല മേഖലകളെയും വിശ്വാസികള്‍ക്ക് മുമ്പില്‍ കൊട്ടിയടക്കാന്‍ അനുവദിക്കില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിലുണ്ട്.

Latest