Connect with us

Articles

താലിബാനെ വിശ്വസിക്കരുത്

Published

|

Last Updated

ഏഷ്യയിലും യൂറോപ്പിലും ഒരു പോലെ സൈനിക ഇടപെടല്‍ നടത്തണമെന്നും സ്വാധീനമുറപ്പിക്കണമെന്നും ആഗ്രഹിക്കുന്ന ഏത് ശക്തിയെയും മോഹിപ്പിക്കുന്ന ഇടമാണ് അഫ്ഗാനിസ്ഥാന്‍. “തന്ത്രപരമായ സ്ഥാനം” -സ്റ്റ്രാറ്റജിക്കല്‍ ലൊക്കേഷന്‍ എന്ന് പറയും. ഉഗ്രപ്രതാപികളായ രാജാക്കന്‍മാര്‍ അഫ്ഗാനെ പ്രാപിക്കാനും പട്ടുപാതയുടെ സാമ്പത്തിക സാധ്യത കീഴടക്കാനും മത്സരിച്ചു. ആയിരക്കണക്കായ പടയോട്ടങ്ങള്‍ നടന്നു. അതിര്‍ത്തികള്‍ പല തവണ മാറ്റിവരച്ചു. ആ അധികാരക്കളികളില്‍ അലക്‌സാണ്ടറുണ്ട്, മൗര്യന്‍മാരുണ്ട്, മംഗോളിയന്‍മാരുണ്ട്, മുസ്‌ലിം ഭരണാധികാരികളുണ്ട്. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലമെത്തിയപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സ്വാഭാവികമായും അഫ്ഗാന്‍ പ്രണയം തുടങ്ങി. ബ്രിട്ടീഷ് ഇന്ത്യയില്‍ അഫ്ഗാനുണ്ടായേ തീരൂവെന്ന ശാഠ്യത്തിലായിരുന്നു അവര്‍. 1839ല്‍ ബ്രിട്ടീഷ് സൈന്യത്തെ അയച്ച് അന്നത്തെ അമീര്‍ മുഹമ്മദ് ഖാനെ പുറത്താക്കി ഷാ ശൂജാ ദുര്‍റാനിയെ വാഴിച്ചെങ്കിലും അധികാരം ദീര്‍ഘകാലം നിലനിര്‍ത്താനായില്ല. ചെറു ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ മൂന്ന് സമ്പൂര്‍ണ യുദ്ധങ്ങള്‍ അഫ്ഗാന്‍ സൈനികരും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ നടന്നു. ബ്രിട്ടീഷുകാര്‍ തോറ്റോടിയെന്നതായിരുന്നു ആത്യന്തിക ഫലം. പിന്നീട് സോവിയറ്റ് യൂനിയന്‍ വന്നു. പ്രവിശാലമായ സോവിയറ്റ് ലാന്‍ഡിന്റെ ഒരു കഷ്ണം അഫ്ഗാനിസ്ഥാനില്‍ തൊടുന്നത് കൊണ്ട് സോവിയറ്റ് റഷ്യക്ക് കുറച്ചു കൂടി എളുപ്പത്തില്‍ ഇടപെടല്‍ സാധ്യമായി. സോഷ്യലിസ്റ്റ് മാതൃകയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭരണസംവിധാനം ഏര്‍പ്പെടുത്തിയും പലവട്ടം അട്ടിമറികള്‍ നടത്തിയും കളം നിറഞ്ഞ് കളിച്ചു. ഡ്യൂറന്റ് രേഖ വരച്ചിട്ടും തീരാതെ നിന്ന പാക്- അഫ്ഗാന്‍ സംഘര്‍ഷം അപ്പോഴും തുടരുന്നുണ്ടായിരുന്നു. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ സോവിയറ്റ് വാഴ്ചയിലേക്ക് അഫ്ഗാന്‍ വഴുതിവീണു.

ഈ ഘട്ടത്തിലേക്കാണ് അമേരിക്ക രംഗപ്രവേശം ചെയ്തത്. പിന്നീട് പലയിടങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം പരീക്ഷിച്ച “സ്വന്തം തെമ്മാടി”കളെ സൃഷ്ടിക്കല്‍ തന്ത്രം ഭംഗിയായി പുറത്തെടുത്തതോടെ അഫ്ഗാനിലെ അധികാര സമവാക്യം പിന്നെയും മാറി. കമ്യൂണിസ്റ്റ് ഭീഷണി നേരിടാന്‍ ആയുധമെടുക്കുകയെന്നത് മതപരമായ അനിവാര്യതയാണെന്ന അവബോധം കടത്തിവിടുകയാണ് യു എസ് ചാരന്‍മാര്‍ ചെയ്തത്. ജലാലുദ്ദീന്‍ അഫ്ഗാനിയുടെയും മൗദൂദിയുടെയും ചിന്തകളും വഹാബി ആശയധാരയും ശക്തമായ അഫ്ഗാന്‍ മണ്ണില്‍ അമേരിക്കയുടെ വിഷവിത്ത് പെട്ടെന്ന് വേരുപിടിച്ചു. പ്രാദേശിക സ്വാതന്ത്ര്യ ദാഹത്തെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു യു എസ്. ഇവിടേക്കാണ് ലക്ഷ്യവും മാര്‍ഗവും രൂപവും മാറിയ താലിബാന്‍ പുതിയ അധികാര സംഘമായി കയറി നിന്നത്. ത്വലബ എന്ന നാമകരണത്തിന് അടിസ്ഥാനമായ ദയൂബന്തിയന്‍ പാരമ്പര്യം മുഴുവന്‍ അട്ടിമറിച്ച് സലഫീ, മൗദൂദിസ്റ്റ് ആശയഗതി എടുത്തണിഞ്ഞ താലിബാനെയാണ് അമേരിക്കക്ക് വേണ്ടിയിരുന്നത്. ഗോത്ര വര്‍ഗ ശക്തിക്കും പ്രാദേശികമായ പോരാട്ട വീറിനും ഒപ്പം അമേരിക്ക നല്‍കിയ അത്യാധുനിക ആയുധങ്ങളും ഡോളറിന്റെയും പെട്രോ ഡോളറിന്റെയും ആത്മവിശ്വാസവും ചേര്‍ന്നപ്പോള്‍ താലിബാന്‍ ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത സംഘമായി മാറുകയായിരുന്നു. ആ അജയ്യതയോട് അടിയറവ് പറഞ്ഞ് ചുവപ്പന്‍ ഹുങ്ക് അഫ്ഗാന്‍ വിടുമ്പോള്‍ ആധുനിക അഫ്ഗാന്റെ ചരിത്രം ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിലെത്തി. രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്റെ കീഴില്‍ സ്ഥിരതയിലേക്കും സ്വാസ്ഥ്യത്തിലേക്കും രാജ്യം നീങ്ങുമെന്ന് തോന്നിപ്പിച്ചു. അന്നാണ് താലിബാനെ ഒരു രാഷ്ട്രീയ ശരിയായി അതിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും വാഴ്ത്തിയത്. എന്നാല്‍ സലഫിസ്റ്റ് ഐഡിയോളജിയുടെ തടവറയില്‍ അകപ്പെട്ടു പോയ താലിബാന്‍ സ്വന്തം ജനതയെ ഭയപ്പെടുത്തിയാണ് ഭരിച്ചത്. എല്ലാ തരം ബഹുസ്വരതകളെയും അത് ഭയപ്പെട്ടു, ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചു. ലോകത്താകെയുള്ള ഏത് തരം ഉന്‍മൂലന ത്വരയെയും ഒട്ടും രാഷ്ട്രീയ അവധാനതയില്ലാതെ താലിബാനിസമെന്ന് വിളിക്കുന്നിടത്തോളം മനുഷ്യത്വവിരുദ്ധമായി താലിബാന്‍ വാഴ്ച അധഃപതിച്ചു.

സെപ്തംബര്‍ 11 ആക്രമണം അമേരിക്കയുടെ നിലപാടുകളെയാകെ അട്ടിമറിച്ചപ്പോള്‍ ഒരു കാലത്ത് തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന താലിബാനെ അവര്‍ ശത്രുവായി പ്രഖ്യാപിച്ചു. താലിബാന്റെ ഭരണം തകര്‍ത്തു. ഹാമിദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യ കേന്ദ്രമായി അഫ്ഗാന്‍ മാറുകയായിരുന്നു. ഈ അധിനിവേശം ഇന്ന് രണ്ട് പതിറ്റാണ്ടിലെത്തുമ്പോള്‍ അതിബലവാനെന്ന് വാഴ്ത്തപ്പെടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക അഫ്ഗാനില്‍ നിന്ന് തഞ്ചത്തില്‍ പിന്‍വാങ്ങുകയാണ്. ഈ പിന്‍മാറ്റം യാഥാര്‍ഥ്യമാകുന്നതോടെ, പുറത്തു നിന്നുള്ളവര്‍ക്ക് ദീര്‍ഘകാലം നിലനിന്നുപോകാനാകാത്ത ഇടമാണ് അഫ്ഗാനെന്ന വസ്തുതയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ദയനീയ പരാജയം ഏറ്റവാങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അമേരിക്കന്‍ സഹായത്തോടെയാണെങ്കിലും സോവിയറ്റ് യൂനിയന്റെ ആധിപത്യത്തെയും തോല്‍പ്പിച്ചു. ലോക പോലീസിന്റെ അധികാരവും ഡോളര്‍ മേധാവിത്വവും കൈമുതലായുള്ള അമേരിക്കയും ഗതികെട്ട് മടങ്ങുന്നു. സങ്കീര്‍ണമായ ഗോത്ര വര്‍ഗ ഘടനയും പുറത്തു നിന്നുള്ളവരെ നിസ്സഹായരാക്കുന്ന ഭൂമിശാസ്ത്ര സവിശേഷതകളുമാണ് ഈ തോറ്റോടലിന്റെയെല്ലാം പിന്നില്‍. അഫ്ഗാന്‍ എന്ന ഭൂവിഭാഗം തന്നെ ഒരു കോട്ടയായി മാറുകയാണുണ്ടായത്. അത് സ്വയം സംരക്ഷിച്ചുവെന്ന് പറയുന്നതാകും ശരി.

എന്നാല്‍ പ്രകൃതിയും സംസ്‌കൃതിയും സ്വത്വബോധവും ഒരുക്കുന്ന ഈ സംരക്ഷണ വലയമുണ്ടായിട്ടും ഈ ഭൂവിഭാഗം സമാധാന പൂര്‍ണമായ ജീവിതം സാധ്യമായ ഇടമായി നിലനില്‍ക്കുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. പുറത്തു നിന്നുള്ളവര്‍ അതിന് അനുവദിക്കുന്നില്ലെന്ന് പറയാമെങ്കിലും ആന്തരിക വൈകല്യങ്ങള്‍ തന്നെയാണ് മുഖ്യം. കഴിഞ്ഞ മാസം 28ന് ദോഹയില്‍ നടന്ന യു എസ്- താലിബാന്‍ ചര്‍ച്ച സമാധാന പ്രതീക്ഷയുണര്‍ത്തുമ്പോഴും ആന്തരിക വൈകല്യങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ അന്തരീക്ഷത്തില്‍ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. യു എസിന്റെ മുഖ്യ അനുരഞ്ജകന്‍ സാല്‍മി ഖലീല്‍സാദ് ഇപ്പോള്‍ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് അമേരിക്കന്‍ സൈനികര്‍ ഉടന്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങും. പിന്നെ അവിടെ അവശേഷിക്കുക ഒരു ചര്‍ച്ചയിലും പങ്കാളിയാക്കപ്പെടാതെ നോക്കുകുത്തിയായി നിന്ന അശ്‌റഫ് ഗനി സര്‍ക്കാറും ഒട്ടും ശക്തമല്ലാത്ത ഔദ്യോഗിക സൈന്യവും പല ജാതി താത്പര്യങ്ങള്‍ സൂക്ഷിക്കുന്ന ഗോത്ര സേനകളും അമ്പത് ശതമാനത്തിലധികം പ്രദേശവും കൈയടക്കി വെച്ചിരിക്കുന്ന താലിബാനുമായിരിക്കും. ഒപ്പം ആരെ വിശ്വസിക്കുമെന്നറിയാതെ മരവിച്ച് നില്‍ക്കുന്ന ജനതയും.

അനിവാര്യമായ അരാജകത്വത്തിലേക്ക് തള്ളിവിട്ടാണ് അമേരിക്ക പിന്‍വാങ്ങുന്നത്. അത് സാമ്രാജ്യത്വത്തിന്റെ സ്ഥിരം പദ്ധതിയാണ്. ഇന്ത്യയില്‍ വിഭജനം അനിവാര്യമാക്കിത്തീര്‍ക്കുകയും അത് നടപ്പാക്കുകയും ചെയ്താണല്ലോ സാമ്രാജ്യത്വം ആ പദ്ധതി നടപ്പാക്കിയത്. ഇറാഖില്‍ വംശീയതയായിരുന്നു ആയുധം. ലിബിയയില്‍ വാര്‍ ലോര്‍ഡ്‌സിന് രാജ്യം കൈമാറിയും ആ പദ്ധതി നടപ്പാക്കി. തീവ്രവാദത്തെ വേരോടെ പിഴുതെറിഞ്ഞു കളയുമെന്ന് പ്രഖ്യാപിച്ചാണ് അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തെ ഇറക്കിയത്. ആജ്ഞാനുവര്‍ത്തികളായ ഭരണകര്‍ത്താക്കളെയും വാഴിച്ചു. ഇന്ത്യയെയും ഇറാനെയുമെല്ലാം പല തരത്തില്‍ ഈ ദൗത്യത്തില്‍ പങ്കാളികളാക്കി. പട്ടാളക്കാരുടെയും സാധാരണക്കാരുടെയും മൃതദേഹങ്ങളും അപരിഹാര്യമായ രാഷ്ട്രീയ കാലുഷ്യവുമല്ലാതെ ഒന്നും ഈ യുദ്ധം നേടിയില്ല. അതിവൈകാരിക പ്രതികരണങ്ങളുടെ ആശാനായ ഡൊണാള്‍ഡ് ട്രംപ് തികച്ചും സ്വാര്‍ഥനും കൂടിയായതിനാല്‍ സ്വന്തം സൈനികരെ ബലികൊടുക്കുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുമ്പോള്‍ അതൊരു സൗമനസ്യമായല്ല, തടിയൂരലായി വേണം കാണാന്‍. അതുകൊണ്ട് ഇപ്പോള്‍ താലിബാന്‍ ആവശ്യപ്പെടുന്ന എന്തും അമേരിക്ക സമ്മതിക്കും. അശ്‌റഫ് ഗനി സര്‍ക്കാറിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് താലിബാന്‍ ശഠിച്ചു. ട്രംപ് സമ്മതിച്ചു. യു എസ് സൈന്യം പിന്‍വാങ്ങുമെന്ന് നിരുപാധികം ഉറപ്പ് നല്‍കണമെന്ന് നിബന്ധന വെച്ചു. അതും അനുവദിച്ചു. അഫ്ഗാനെ താലിബാന് ഏല്‍പ്പിച്ചു കൊടുത്ത് പിന്‍വാങ്ങുകയെന്ന എളുപ്പവഴി മാത്രമേ ട്രംപിന്റെ കൈയിലുള്ളൂ എന്ന് ചുരുക്കം.

അങ്ങനെ പഴയ സുഹൃത്തുക്കള്‍ പറഞ്ഞു തീര്‍ത്താല്‍ തീരുന്ന പ്രശ്‌നമല്ല അഫ്ഗാനിലുള്ളത്. അങ്ങനെയൊരു ഏല്‍പ്പിച്ചു കൊടുക്കലല്ല ഈ ജനത ആഗ്രഹിക്കുന്നത്. മെയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അര്‍ഥവത്തായ ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം ഉണരുമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. അമേരിക്ക ഇപ്പോള്‍ പുറത്തെടുക്കുന്ന ഈ “വിന്‍ വിന്‍ പോളിസി”യില്‍ ആ സ്വപ്‌നം കടന്ന് വരുന്നേയില്ല. താലിബാന്‍ സര്‍ക്കാറിനെ തകര്‍ത്തെറിഞ്ഞ ശേഷം ബോണില്‍ നടന്ന ഉച്ചകോടിയിലേക്ക് താലിബാന്‍ പ്രതിനിധികളെ ക്ഷണിക്കാതിരുന്നപ്പോള്‍ സംഭവിച്ച അതേ പിഴവ് മറ്റൊരു തലത്തില്‍ ദോഹയിലും സംഭവിക്കുകയാണുണ്ടായത്. അന്ന് താലിബാനെ തഴഞ്ഞു. ഇന്ന് രാഷ്ട്രീയ നേതൃത്വത്തെയും.

സര്‍ക്കാറും താലിബാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ആ കരാറിന്റെ പുറത്താണ് യു എസ് പിന്‍മാറ്റമടക്കമുള്ളവ ചര്‍ച്ച ചെയ്യേണ്ടത്. ഇറാന്‍, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം അഫ്ഗാന്റെ കാര്യത്തില്‍ കൃത്യമായ താത്പര്യങ്ങളുണ്ട്. ശിയാക്കളോട് താലിബാന്‍ കാണിച്ചിട്ടുള്ള ക്രൂരതകള്‍ ഇറാന്റെ മനസ്സിലുണ്ട്. അയല്‍രാജ്യമെന്ന നിലയില്‍ ഇറാന് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. റഷ്യയുടെ ബിനാമിയായും ഇറാന് ഇവിടെ കളിക്കാനാകും. ഇന്ത്യ ഇപ്പോള്‍ തന്നെ കളത്തിലുണ്ട്. റോഡിനും ആശുപത്രികള്‍ക്കുമുള്ള സഹായത്തിന്റെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യക്ക് നിര്‍ണായക ഘട്ടത്തില്‍ വലിയ കളികള്‍ക്കുള്ള ശേഷിയുണ്ട്. മേഖലയിലെ നേതൃസ്ഥാനത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്ന ചൈനയുടെ സഹായമില്ലാതെ അഫ്ഗാനില്‍ ദീര്‍ഘകാല പരിഹാരം അസാധ്യമാണ്. പരസ്പരം പോരടിക്കുന്ന നിരവധി വഹാബി ഗ്രൂപ്പുകള്‍, ഐ എസുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍, ഗോത്ര സംഘങ്ങള്‍ ഇവരെയൊക്കെ മുന്നില്‍ കാണുന്ന സമാധാന ചര്‍ച്ചകള്‍ക്കേ അഫ്ഗാനെ രക്ഷിക്കാനാകൂ.

താലിബാന് അഫ്ഗാന്‍ ഗ്രാമങ്ങളില്‍ രക്ഷക പരിവേഷം നിലനില്‍ക്കുന്നിടത്തോളം കാലം അവരെ അവഗണിക്കാനാകില്ല. എന്നാല്‍ അവരെ വിശ്വസിക്കാനുമാകില്ല. സമാധാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴാണല്ലോ കുന്ദുസിലെ സൈനിക താവളത്തിലേക്ക് വണ്ടി നിറച്ച് സ്‌ഫോടക വസ്തുക്കളുമായി താലിബാന്‍ ചാവേര്‍ ഇരച്ച് കയറിയത്. 26 പേര്‍ മരിച്ചു വീണു. ഈ മനുഷ്യരുടെ ചോരയില്‍ നിന്നു കൊണ്ട് എങ്ങനെ പറയാനാകും, “താലിബാനെ വിളിക്കൂ, അഫ്ഗാനെ രക്ഷിക്കൂ” എന്ന്.

മുസ്തഫ പി എറയ്ക്കല്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest